ദില്ലി : രാഷ്ട്രപതി ദ്രൗപതി മുർമുവിന് പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിച്ച് ഫിജി. പ്രസിഡന്റ് വില്യം മെയ്വലിലി കതോനിവരേയാണ് കംപാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഫിജി ദ്രൗപദി മുർമുവിന് സമ്മാനിച്ചത്. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ഫിജിയിലെത്തിയതായിരുന്നു ദ്രൗപതി മുർമു. രാഷ്ട്രപതി തന്നെയാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്.
ഇന്ത്യയും ഫിജിയും തമ്മിലുള്ള ഉഭയകക്ഷി- സൗഹൃദ ബന്ധത്തിന്റെ അടയാളമാണ് ഈ ബഹുമതിയെന്ന് രാഷ്ട്രപതി എക്സിൽ കുറിച്ചു. ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ പ്രസിഡന്റ് ഫിജി സന്ദർശിക്കുന്നത്. അതേസമയം, വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കണമെന്നും കൂടുതൽ സമ്പന്നമായ രാഷ്‌ട്രത്തെ കെട്ടിപ്പടുക്കണമെന്നും പാർലമെന്റിനെ അഭിസംബോധന ചെയ്യവെ രാഷ്‌ട്രപതി ദ്രൗപതി മുർമു പറഞ്ഞു.
നമ്മുടെ ജനാധിപത്യം, എല്ലാ മനുഷ്യരും തുല്യരാണെന്ന നമ്മുടെ വിശ്വാസം, ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യം, അന്തസ്, അവകാശങ്ങൾ എന്നിവയോടുള്ള നമ്മുടെ പ്രതിബദ്ധത ഇരു രാജ്യങ്ങളിലും ഒരുപോലെയാണ്. സുവയിൽ നിർമിക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി കാർഡിയോളജി ആശുപത്രി ഉൾപ്പെടെ പുതുതായി സർക്കാർ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും ഫിജിയിലെ ജനങ്ങൾക്ക് വളരെയധികം സഹായകമാകുമെന്നും രാഷ്‌ട്രപതി പറഞ്ഞു.

