Friday, December 12, 2025

നിര്‍മാതാക്കള്‍ക്ക് മനോരോഗമെന്ന പരാമര്‍ശം: ഒടുവില്‍ ഗതികെട്ട് മാപ്പു പറഞ്ഞ് ഷെയ്ന്‍ നിഗം

കൊച്ചി: നിര്‍മാതാക്കള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം. ഫേസ്ബുക്ക് പേജിലൂടെയാണ് വിവാദ പരാമര്‍ശത്തിന് ഷെയ്ന്‍ മാപ്പപേക്ഷ നടത്തിയത്. ഐഎഫ്എഫ്‌കെ വേദിയില്‍ വച്ച് നടത്തിയ പ്രസ്താവന വലിയ തോതില്‍ തെറ്റിധരിക്കപ്പെട്ടെന്ന് ഷെയ്ന്‍ കുറിച്ചു.

സിനിമയില്‍ വിലക്കുകല്പിച്ച നിര്‍മാതാക്കള്‍ക്ക് മനോരോഗമാണോ മനോവിഷമമാണോ എന്ന ഷെയ്‌നിന്റെ പരാമര്‍ശമാണ് വിവാദമായത്. സിനിമ മുടങ്ങിയതില്‍ നിര്‍മാതാക്കളുടെ മനോവിഷമത്തെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു രാജ്യാന്തര ചലച്ചിത്രമേളയ്‌ക്കെത്തിയ നടന്റെ വിവാദപ്രതികരണം.

നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമമാണോ മനോരോഗമാണോ എന്ന് ചോദിച്ചത് സത്യമാണെന്നും ആ വാക്കുകളില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്ന് കുറിച്ച ഷെയ്ന്‍ തന്നെക്കുറിച്ച് നിര്‍മാതാക്കള്‍ മുന്‍പ് പറഞ്ഞ വാക്കുകളൊന്നും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് വിശ്വാസമെന്നും പറയുന്നുണ്ട്.

അന്ന് താന്‍ ക്ഷമിച്ചപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഉള്ളതെന്നും ക്ഷമയാണ് എല്ലാത്തിലും വലുത് എന്ന് വിശ്വസിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്താണ് ഷെയ്ന്റെ പോസ്റ്റ് അവസാനിക്കുന്നത്.

Related Articles

Latest Articles