Wednesday, December 17, 2025

അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ചിത്രീകരണം! അനുമതി നൽകിയത് മാനദണ്ഡങ്ങൾ പാലിച്ചെന്ന് ആശുപത്രി അധികൃതർ; സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ മാനദണ്ഡങ്ങൾ പാലിച്ചാണ് സിനിമാ ചിത്രീകരണത്തിന് അനുമതി നൽകിയതെന്ന പ്രതികരണവുമായി താലൂക്കാശുപത്രി സൂപ്രണ്ട്. രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പ്രത്യേകം നിർദേശം നൽകിയിരുന്നുവെന്നും ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിന്‍റെയടക്കം അനുമതിയും നിർദേശങ്ങളും പാലിച്ചാണ് ഷൂട്ടിങ് നടന്നതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിംഗ് നടത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തതിന് പിന്നാലെയാണ് പ്രതികരണവുമായി ആശുപത്രി അധികൃതർ രംഗത്തെത്തിയത്.

രോഗികളെയും കൂട്ടിരിപ്പുകാരെയും ബുദ്ധിമുട്ടിലാക്കി അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമാ ചിത്രീകരണം നടത്തിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷൻ നേരത്തെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്‍കിയവര്‍ ഏഴ് ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളം ജില്ല മെഡിക്കല്‍ ഓഫീസര്‍, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.

ഫഹദ് ഫാസില്‍ നിര്‍മിക്കുന്ന ‘പൈങ്കിളി’ എന്ന സിനിമയാണ് വ്യാഴാഴ്ച ഇവിടെ വച്ച് ചിത്രീകരിച്ചത്. രാത്രി ഒമ്പത് മണിയോടെയാണ് ചിത്രീകരണം തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകള്‍ മറച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമായിരുന്നു സിനിമാ ചിത്രീകരണം നടന്നത് എന്നാണ് ആരോപണം. ചിത്രീകണ സമയത്ത് നിശബ്ദത പാലിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ രോഗികളോടും കൂട്ടിരിപ്പുകാരോടും നിര്‍ദേശിക്കുന്നുണ്ടായിരുന്നു. അഭിനേതാക്കള്‍ ഉള്‍പ്പെടെ 50 ഓളം പേര്‍ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്നു. ഡോക്ടര്‍മാര്‍ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം നടന്നുവെന്നാണ് വിവരം . ഇതിനിടെ അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയയാള്‍ക്ക് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാന്‍ പോലുമായില്ലെന്നും പരാതിയുണ്ട്. പ്രധാന കവാടത്തിലൂടെ ആരെയും കടത്തിവിട്ടുമില്ല.

Related Articles

Latest Articles