Monday, December 15, 2025

ഒടുവിൽ നടപടി ! സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവ്

തിരുവനന്തപുരം : പത്തനംതിട്ട മുൻ എസ്‌പി സുജിത് ദാസ് ഐപിഎഎസിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. പി വി അൻവർ എംഎൽഎ പുറത്ത് വിട്ട ഫോൺ വിളി ശബ്ദരേഖയിലാണ് നടപടി. സംഭവത്തിൽ ഗുരുതര ചട്ടലംഘനം നടന്നുവെന്ന ഡിജിപിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് സുജിത് ദാസിന്റെ സസ്‌പെൻഷൻ ഉത്തരവിറക്കിയത് . പി വി അൻവറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ നേരത്തെ സുജിത്തിനെ സ്ഥലം മാറ്റിയിരുന്നുവെങ്കിലും ചുമതലകൾ കൈമാറിയിരുന്നില്ല.

സുജിത് ദാസിനെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് പ്രാഥമികമായി അന്വേഷിക്കാൻ ഡി ഐ ജി അജിത ബീഗത്തെ ചുമതലപ്പെടുത്തിയിരുന്നു. മലപ്പുറത്ത് പോലീസ് ക്വാർട്ടേഴ്സിലെ മരം മുറി കേസൊതുക്കാൻ പിവി അൻവർ എംഎൽഎയെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ച പത്തനംതിട്ട എസ്‌പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്യാത്തതിനെതിരെ വ്യാപക വിമര്‍ശനമാണ് നാനാഭാഗത്ത് നിന്ന് ഉയർന്നത്. വിമർശനങ്ങൾ കൂടിയതോടെ പത്തനംതിട്ട എസ്‌പി സ്ഥാനത്ത് നിന്ന് സുജിത് ദാസിനെ മാറ്റി പകരം വിജി വിനോദ് കുമാറിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി.

മരം മുറിയുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച പിവി അൻവറിനെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചതാണ് എസ്‌പിക്കെതിരായ പ്രധാന ആരോപണം. ഇദ്ദേഹം എംആർ അജിത്ത് കുമാറിനെയും സഹ പ്രവർത്തകരെയും അടച്ചാക്ഷേപിക്കുന്ന ശബ്ദരേഖ പുറത്തു വന്നിരുന്നു. അതേസമയം സുജിത് ദാസ് മലപ്പുറം എസ്പിയായിരുന്നപ്പോള്‍ ക്യാമ്പ് ഓഫീസിൽ നിന്നും മരംമുറിച്ച് കടത്തിയ സംഭവത്തിൽ തൃശൂർ റെയ്ഞ്ച് ഡിഐജി തോംസണ്‍ ജോസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Related Articles

Latest Articles