Sunday, December 21, 2025

സാമ്പത്തിക ബാധ്യത ! കൊല്ലം ആയൂരിൽ അമ്മയെ കൊല്ലാൻ ശ്രമിച്ച മകൻ ജീവനൊടുക്കി

കൊല്ലം ആയൂരിൽ അമ്മയെ കൊല്ലാന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി. ഇളമാട് സ്വദേശി രഞ്ജിത്ത് (35) ആണ് മരിച്ചത്. അമ്മ സുജാത (58) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കടുത്ത സാമ്പത്തിക ബാധ്യതയും സുജാതയുടെ പ്രമേഹരോഗവും കാരണം ഇരുവരും ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം. പഴുപ്പ് കയറിയതിനെ തുടര്‍ന്ന് സുജാതയുടെ കാല് മുറിച്ചുമാറ്റേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു.

ഇന്നലെ വൈകുന്നേരം ഇരുവരും അമിതമായി ഗുളികകള്‍ കഴിച്ചു. ശേഷം രഞ്ജിത്ത് അമ്മ സുജാതയെ ഷാള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി. ഇതോടെ സുജാത ബോധരഹിതയായി വീണു. അമ്മ മരിച്ചുവെന്ന് കരുതിയ രഞ്ജിത്ത് പിന്നീട് സീലിങ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.

വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ഫ്യൂസൂരാനായി കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടിലെത്തിയിരുന്നു. ഈ സമയത്ത് വെള്ളം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സുജാതയുടെ ശബ്ദം വീടിനകത്തുനിന്ന് കേൾക്കുകയും ഉടന്‍ ഇവര്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് വാതില്‍ തുറന്നു. ഗുരുതരാവസ്ഥയില്‍ കിടക്കുന്ന സുജാതയേയും തൂങ്ങിമരിച്ച നിലയിലുള്ള രഞ്ജിത്തിനേയുമാണ് ഇവര്‍ വീട്ടിനകത്ത് കണ്ടത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍: 1056, 0471-2552056)

Related Articles

Latest Articles