സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ‘ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി’യുടെ ഹെഡ് ഓഫീസ് സീല്‍ചെയ്തു. തൃശ്ശൂര്‍ ആറാട്ടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസാണ് സീല്‍ചെയ്തത്. ബഡ്സ് ആക്ട് പ്രകാരമാണ് നടപടി. തട്ടിപ്പിൽ ഇഡി അന്വേഷണവുംതുടരുകയാണ്. തട്ടിപ്പിലൂടെ കമ്പനി കൈവശപ്പെടുത്തിയത് 1157 കോടി രൂപയാണെന്നാണ് ഇഡി കണ്ടെത്തിയത്. ഹൈറിച്ചിന്റെ ഹെഡ് ഓഫീസ്, ഉടമകളുടെ രണ്ടു വീടുകള്‍, തൃശ്ശൂരും എറണാകുളം ഇടപ്പള്ളിയിലുമുള്ള ശാഖകള്‍ എന്നിവിടങ്ങളിൾ നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഇക്കാര്യം ഇഡി വ്യക്തമാക്കിയത്.
അതേസമയം ബഡ്സ് ആക്ടിന്റെ അടിസ്ഥാനത്തില്‍ ചേര്‍പ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത നിക്ഷേപത്തട്ടിപ്പ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈറിച്ച് ഉടമകളായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീനയും കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിച്ചിരുന്നു. ഇത് നാളെ കോടതി പരിഗണിക്കും. സാങ്കല്പികമായ ആരോപണത്തിന്റെ അടിസ്ഥാനത്തിലുള്ള പരാതി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് കമ്പനി ഉടമകൾ ഹര്‍ജിയില്‍ ആരോപിക്കുന്നത്. നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ബഡ്സ് ആക്ട് ബാധകമാകൂവെന്നും തൃശ്ശൂര്‍ സെഷന്‍സ് കോടതിയില്‍ വത്സന് എന്നയാള്‍ നല്കിയ സ്വകാര്യ അന്യായത്തെ തുടര്‍ന്നാണ് തങ്ങൾക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അതിനാൽ എഫ്ഐആര്‍. റദ്ദ് ചെയ്യണമെന്നുമാണ് ഹര്‍ജിയിൽ ആവശ്യപ്പെടുന്നത്.
പലചരക്ക് ഉത്പന്ന വിൽപ്പനയുടെ മറവിൽ മണി ചെയിൻ നടത്തുകയാണ് സ്ഥാപനം ചെയ്തിരുന്നത് എന്നാണ് ആരോപണം. കേരളത്തിൽ 78 ശാഖകളും രാജ്യത്തൊട്ടാകെ 680 ഷോപ്പുകളുമാണ് കമ്പനിക്ക് ഉണ്ടായിരുന്നത്. ക്രിപ്റ്റോ കറൻസി ഇടപാട് ഉൾപ്പെടെ നിരവധി അനുബന്ധ സ്ഥാപനങ്ങളും ഹൈറിച്ചിനുണ്ട്. വൻതുകയാണ് ഇവർ നിക്ഷേപം സ്വീകരിച്ചിരുന്നത്. പുതിയ ഇടപാടുകാരെ ആകർഷിക്കുന്നതിനായി നിലവിലുള്ള ഇടപാടുകാരുടെ എണ്ണം പെരുപ്പിച്ചു കാട്ടാന്‍ ഒരു ഇടപാടുകാരന്റെ പേരില്‍ത്തന്നെ കമ്പനി അമ്പതോളം ഐ.ഡികള്‍ സൃഷ്ടിച്ചുവെന്നും ആരോപണമുണ്ട്.

