‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ പൂക്കളം ഒരുക്കിയതിന് കേരള പോലീസ് എഫ്ഐആർ ഇട്ട നടപടി ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജമാ അത്തെ ഇസ്ലാമിയോ പാകിസ്ഥാനോ അല്ല കേരളം ഭരിക്കുന്നതെന്നും ഇത് ഭാരതമാണെന്ന് കേരള പൊലീസ് മറക്കാതിരുന്നാൽ നന്നെന്നും സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. രാജ്യദ്രോഹപരവും ലജ്ജാകരവുമായ എഫ്ഐആർ ഉടൻ തന്നെ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജീവ് ചന്ദ്രശേഖർ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം.
ഇത് കേരളമാണ്. ഇന്ത്യയുടെ ഭാഗമെന്നതിൽ അഭിമാനിക്കുന്ന നമ്മുടെ നാട്ടിൽ, “ഓപ്പറേഷൻ സിന്ദൂർ“ എന്ന പേരിലൊരു പൂക്കളം ഒരുക്കിയതിന് എഫ്ഐആർ എടുക്കപ്പെട്ടിരിക്കുന്നു.
ഇതൊരിക്കലും അംഗീകരിക്കാനാകില്ല!
“ഓപ്പറേഷൻ സിന്ദൂർ“ നമ്മുടെ അഭിമാനമാണ്. നമ്മുടെ സായുധസേനകളുടെ കരുത്തിൻ്റെയും പോരാട്ടവീര്യത്തിൻ്റെയും പ്രതീകം. തീവ്രവാദികൾ മതം ചോദിച്ച് കൊലപ്പെടുത്തിയ 26 നിരപരാധികളായ വിനോദ സഞ്ചാരികളുടെ മരണത്തിന് നമ്മൾ പകരം വീട്ടിയ ധീര സൈനിക നടപടിയാണ് ഓപ്പറേഷൻ സിന്ദൂർ.
തീവ്രവാദത്തിൻ്റെ ഇരകളായ ആ 26 പേരെയും അവരുടെ കുടുംബങ്ങളെയും സ്വന്തം രക്തം കൊടുത്തും രാജ്യത്തെ കാത്ത് രക്ഷിക്കുന്ന ഓരോ സൈനികനെയും അപമാനിക്കുന്നതാണ് കേരള പൊലീസിൻ്റെ എഫ്ഐആർ.
സൈനിക വേഷമണിഞ്ഞ് അതിർത്തി കാക്കുകയും മൂവർണ്ണക്കൊടിക്ക് വേണ്ടി ജീവൻ ബലിയർപ്പിക്കുകയും ചെയ്തിട്ടുള്ള ആയിരക്കണക്കിന് മലയാളികളുണ്ട്.
രാജ്യത്തിനു വേണ്ടി നിലകൊള്ളുന്ന ഓരോ മലയാളിയും ഈ എഫ്ഐആറിനെയും നാണംകെട്ട പ്രീണനത്തെയും എതിർക്കുമെന്നതിൽ സംശയം വേണ്ട.
ജമാ അത്തെ ഇസ്ലാമിയോ പാകിസ്ഥാനോ അല്ല കേരളം ഭരിക്കുന്നത്. ഒരിക്കലും അങ്ങനെയാവുകയുമില്ല.
ഇത് ഭാരതമാണെന്ന് കേരള പൊലീസ് മറക്കാതിരുന്നാൽ നന്ന്. അവരോടും മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പിണറായി വിജയൻ ജിയോടും എനിക്ക് പറയാനുള്ളത് ഇത്ര മാത്രം, രാജ്യദ്രോഹപരവും ലജ്ജാകരവുമായ ഈ എഫ്ഐആർ ഉടൻ തന്നെ പിൻവലിച്ചേ തീരൂ.

