തൃശ്ശൂർ: മാള പൊയ്യയിൽ അനധികൃതമായി പടക്കം നിർമ്മിക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടുപേർക്ക് പരിക്കേറ്റു. പോളക്കുളം വീട്ടിൽ ഉണ്ണികൃഷ്ണൻ, കരിമ്പാടി വീട്ടിൽ അനൂപ് ദാസ് എന്നിവർക്കാണ് സാരമായി പൊള്ളലേറ്റത്. രണ്ടുപേരെയും മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ ഉണ്ണികൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊട്ടിത്തെറിച്ച പടക്കത്തിനിടയിൽ മൊബൈൽ ഫോണും ഉണ്ടായിരുന്നു. മാള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഓലപ്പടക്കം മാലയായി കെട്ടുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത് എന്നാണ് വിവരം. വൻ പടക്കശേഖരമാണ് ഉണ്ണിക്കൃഷ്ണന്റെ വീട്ടിൽ പോലീസ് കണ്ടെത്തിയത്. അനധികൃതമായി പടക്കം നിർമ്മിച്ച് സൂക്ഷിച്ചതിന് മാള പോലീസ് ഇയാൾക്കതിരെ കേസെടുത്തിട്ടുണ്ട്.

