ശ്രീനഗർ : റെയ്‌സി ഭീകരാക്രമണത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി ജമ്മുകശ്മീർ പോലീസ്. ആക്രമണം നടത്തിയ ഭീകരവാദികൾക്ക് താമസസൗകര്യം ഉൾപ്പെടെയുള്ള സഹായങ്ങൾ ചെയ്ത ഹക്കിം ദിൻ ആണ് പിടിയിലായത്.പണമടക്കമുള്ള കാര്യങ്ങൾ ഇയാൾ പ്രത്യുപകാരമായി കൈപ്പറ്റിയിട്ടുണ്ട് എന്നാണ് വിവരം. രജൗരി സ്വദേശിയാണ് ഹക്കിം
ഭീകരാക്രമണം നടത്തിയത് ഹക്കീം അല്ലെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു. ഇയാൾ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനല്ലെന്നും എന്നാൽ, ഭീകരാക്രമണത്തിൽ ഹക്കീമിന് സുപ്രധാന പങ്കുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു..
ഈ മാസം 9ന് ജമ്മു കശ്മീരിലെ റെയ്‌സി ജില്ലയിൽ നടന്ന ഭീകരാക്രമണത്തിൽ 9 തീർത്ഥാടകർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 33 പേർക്ക് പരിക്കേറ്റു . ശിവ് ഖോരി ഗുഹാ ക്ഷേത്രത്തിൽ നിന്നും കത്രയിലേക്ക് തീർത്ഥാടകരുമായി പോകുകയായിരുന്ന ബസിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ഡ്രൈവർക്ക് വെടിയേറ്റതോടെ, ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. ആഭ്യന്തര മന്ത്രാലയം കേസ് എൻഐഎയ്ക്ക് കൈമാറിയിരുന്നു.

