Saturday, December 20, 2025

പ്രഥമ പരിഗണന എന്നും രാജ്യത്തിന് മാത്രം !തുർക്കി സർവകലാശാലയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു

ഇന്ത്യ- പാക് സംഘർഷത്തിൽ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കിയുടെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ദില്ലി ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു). തുര്‍ക്കിയിലെ ഇനോനു സര്‍വകലാശാലയുമായുണ്ടാക്കിയ കരാറാണ് ദേശീയ സുരക്ഷ മുൻനിർത്തി ജെഎൻയു കരാർ റദ്ദാക്കിയത്.

ദേശീയ സുരക്ഷ പരിഗണിച്ച് തുര്‍ക്കി സര്‍വകലാശാലയുമായുള്ള ധാരണാപത്രം (എംഒയു) താത്കാലികമായി റദ്ദാക്കിയെന്ന് സര്‍വകലാശാല എക്‌സില്‍ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ജെഎന്‍യു രാജ്യത്തിനൊപ്പം നിലകൊള്ളുന്നു എന്നും പോസ്റ്റിലുണ്ട്. കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് ഇരു സര്‍വകലാശാലകളും തമ്മില്‍ കരാര്‍ ഒപ്പുവെച്ചത്. 2028 ഫെബ്രുവരി രണ്ടുവരെ, മൂന്നുവര്‍ഷത്തേക്കായിരുന്നു കരാര്‍ കാലാവധി. നിലവിലെ പശ്ചാതലത്തില്‍ മൂന്നര മാസത്തിനിടെത്തന്നെ കരാര്‍ റദ്ദായി.

നേരത്തെ ഇന്ത്യ- പാക് സംഘർഷത്തിൽ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കുമുള്ള യാത്രകള്‍ കൂട്ടത്തോടെ ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ റദ്ദാക്കിയിരുന്നു. സംഘർഷ സമയത്ത് തുർക്കി കൈമാറിയ ഡ്രോണുകൾ ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്താൻ പാകിസ്ഥാൻ ഉപയോഗിച്ചിരുന്നു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനെ പിന്താങ്ങുന്നതിലൂടെ തുര്‍ക്കിയും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന തരത്തില്‍ വാദങ്ങളും ഉയര്‍ന്നിരുന്നു.

ഇന്ത്യ- പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കുമുള്ള എല്ലാ ഫ്‌ളൈറ്റ് – ഹോട്ടല്‍ ബുക്കിംഗുകളും നിര്‍ത്തിവെച്ചതായി ഓണ്‍ലൈന്‍ യാത്രാ പ്ലാറ്റ്ഫോമായ ഈസ്‌മൈട്രിപ്പ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് തുർക്കിയിലേക്കുള്ള യാത്ര ബുക്ക് ചെയ്തവരിൽ ഏകദേശം 22 ശതമാനം പേരും അസർബൈജാനിലേക്കുള്ളതിൽ 30 ശതമാനത്തിന് മുകളിൽ പേരും യാത്ര റദ്ദാക്കിയാതായി ഈസ്‌മൈട്രിപ്പ് സഹസ്ഥാപകനായ പ്രശാന്ത് പിറ്റി വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം 3.8 ലക്ഷം ഇന്ത്യക്കാരാണ് ഈ രണ്ട് രാജ്യങ്ങളിലേക്ക് യാത്ര ചെയ്തത്. ഓരോ യാത്രക്കാരനിൽ നിന്ന് 60,000-70,000 രൂപ കണക്കാക്കിയാലും ഏകദേശം 2,500 മുതൽ 3,000 കോടി രൂപയാണ് ഈ രാജ്യങ്ങളിൽ ഇന്ത്യക്കാർ ചെലവഴിച്ചിരുന്നത്. എവിടെയാണ് പണം ചെലഴവിക്കുന്നത് എന്നതിനെക്കുറിച്ച് ഇന്ത്യക്കാർ അറിഞ്ഞിരിക്കണം. പാകിസ്ഥാന് ആയുധങ്ങൾ നൽകുന്ന രാജ്യങ്ങൾക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും പ്രശാന്ത് പിറ്റി കൂട്ടിച്ചേർത്തു.

Related Articles

Latest Articles