മഞ്ചേരി: അൻവറിന്റെ രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപന വേദിയിൽ വിവാദ ലോറിയുടമ മനാഫിന്റെയും മലയാളികളുടെ പ്രിയങ്കരനായി മാറിയ അർജ്ജുന്റെയും ഫ്ളക്സ് ബോർഡുകൾ. കുടുംബത്തിന്റെ വൈകാരികത മുതലെടുത്ത് അർജ്ജുന്റെ പേര് അനുവാദമില്ലാതെ ഉപയോഗിക്കുന്നതിൽ മനാഫിനെതിരെ അർജ്ജുന്റെ കുടുംബം രംഗത്തെത്തിയിരുന്നു. മനാഫിനെതിരെ അർജ്ജുന്റെ സഹോദരി അഞ്ചു പോലീസിൽ പരാതിയും നൽകിയിരുന്നു. അർജ്ജുന്റെ കുടുംബത്തിനെതിരെ മനാഫ് അനുകൂലികൾ കടുത്ത സൈബർ ആക്രമണം നടത്തിയിരുന്നു. ഈ മനാഫിന്റെ ചിത്രമാണ് സമ്മേളന വേദിയിൽ നവോത്ഥാന നായകരുടെ ഇടയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.
ഇന്ന് വൈകുന്നേരം മഞ്ചേരിയിലാണ് പുതിയ പാർട്ടി പ്രഖ്യാപിച്ചുകൊണ്ടുള്ള പൊതുയോഗം. ഒരുലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് സൂചന. ഒരുക്കങ്ങൾ പൂർത്തിയായി. തമിഴ്‌നാട്ടിലെ ഡി എം കെ യുമായി ചേർന്നാണ് അൻവറിന്റെ രാഷ്ട്രീയപ്പാർട്ടി രൂപീകരണം. ഡി എം കെ എന്ന് ചുരുക്കെഴുത്ത് വരുന്ന രീതിയിൽ തന്നെയാണ് സംഘടനയുടെ പേരും നിശ്ചയിച്ചിരിക്കുന്നത്. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള പീപ്പിൾ എന്നാണ് പുതിയ പാർട്ടിയുടെ പേര്. എന്നാൽ ഇത് രാഷ്ട്രീയപ്പാർട്ടിയല്ലെന്നും ഒരു സൗഹൃദക്കൂട്ടായ്‌മ മാത്രമാണെന്നും അൻവർ പറയുന്നുണ്ട്. കൂറുമാറ്റ നിരോധനം അടക്കമുള്ള നിയമപ്രശ്നങ്ങൾ മറികടക്കാനായിരിക്കും ഈ താൽക്കാലിക നിലപാടെന്നാണ് വിലയിരുത്തൽ.
പുതിയ രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച അൻവറിന്റെ നീക്കങ്ങൾ അറിയാൻ സിപിഎം അടക്കമുള്ള രാഷ്ട്രീയപ്പാർട്ടികൾ കാത്തിരിക്കുകയായിരുന്നു. ഇന്നലെ ഡി എം കെ അദ്ധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനുമായി അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു. സമ്മേളനം നിരീക്ഷിക്കാൻ ഡി എം കെ പ്രത്യേക നിരീക്ഷകനെയും മഞ്ചേരിയിലേക്ക് അയച്ചിട്ടുണ്ട്.

