ധാക്ക: മഹാ പ്രളയത്തിൽ നിന്നും കര കയറാൻ ബംഗ്ലാദേശ് നൽകിയ സഹായവാഗ്ദാനം പാകിസ്ഥാൻ നിരസിച്ചു. പ്രളയം തകർത്ത പാകിസ്ഥാന് അടിയന്തര സഹായമായി 14 മില്ല്യണ്‍ രൂപയുടെ സഹായമാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വാഗ്ദാനം ചെയ്തത്. എന്നാൽ പാകിസ്ഥാനിൽ സ്വാതന്ത്ര്യം നേടിയ ബംഗ്ലാദേശിൽ നിന്നും ദുരിതാശ്വാസ സഹായങ്ങൾ സ്വീകരിക്കുന്നത് ആഗോള പ്രതിച്ഛായയെ ബാധിക്കുമെന്ന ഭയം കാരണമാണ് പാകിസ്ഥാൻ സഹായം നിരസിച്ചതെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
ബംഗ്ലാദേശിനെതിരെ 1971-ൽ നടത്തിയ വംശഹത്യയെ ഇപ്പോഴും നിഷേധിക്കുന്ന പാക് സൈന്യത്തിന് ഒരുകാലത്ത് പാകിസ്ഥാൻ്റെ ഭാഗമായിരുന്ന ഒരു രാജ്യത്ത് നിന്ന് എന്തെങ്കിലും സഹായം സ്വീകരിക്കുന്നത് നാണക്കേടുണ്ടാക്കുമെന്ന് ബംഗ്ലാദേശ് ലൈവ് ന്യൂസ് വാര്‍ത്തയിൽ വ്യക്തമാക്കുന്നു.
പാക്കിസ്ഥാൻ ദേശീയ ദുരന്ത നിവാരണ ഏജൻസിയുടെ കണക്കനുസരിച്ച്, പാകിസ്ഥാന്റെ വടക്കൻ പർവതങ്ങളിൽ ഉണ്ടായ അസാധാരണമായ കനത്ത മൺസൂൺ മഴയും രൂക്ഷമായ മഞ്ഞുരുകലും വലിയ വെള്ളപ്പൊക്കത്തിന് കാരണമായി. ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രളയം എന്ന വിശേഷിപ്പിക്കപ്പെട്ട ഈ പ്രകൃതി ദുരന്തംഏകദേശം 33 ദശലക്ഷം ആളുകളെ ബാധിച്ചു. 450 കുട്ടികൾ ഉൾപ്പെടെ 1,355 പേരുടെ ജീവനാണ് പ്രളയത്തിൽ പൊളിഞ്ഞത്.

