ഇസ്ലാമാബാദ് : കിഴക്കൻ പാകിസ്ഥാനിൽ പ്രളയം അതിരൂക്ഷമായതോടെ പഞ്ചാബ് പ്രവിശ്യയിൽ 20 ലക്ഷത്തിലധികം പേരെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചതായി റിപ്പോർട്ട്. സിന്ധ് പ്രവിശ്യയിൽ നിന്ന് ഇതിനോടകം 1,50,000 പേരെ ഒഴിപ്പിച്ചതായും രക്ഷാപ്രവർത്തകർ അറിയിച്ചു. മഴ നിർത്താതെ പെയ്യുന്നതിനാൽ പ്രളയക്കെടുതി വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ജൂൺ മാസം മുതൽ പാകിസ്ഥാനിൽ തുടരുന്ന കനത്ത മഴയിലും പ്രളയത്തിലും 900-ൽ അധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ഇന്റർനാഷണൽ മെഡിക്കൽ കോർപ്‌സ് റിപ്പോർട്ട് ചെയ്തു. കാലാവസ്ഥാ വ്യതിയാനവും നദികൾ കരകവിഞ്ഞൊഴുകുന്നതുമാണ് പ്രളയത്തിന് പ്രധാന കാരണമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. രക്ഷാപ്രവർത്തനങ്ങൾ ദുസ്സഹമാകുന്നതായി അധികൃതർ പറയുന്നു. ഇതിനിടെ വീടും സ്വത്തുക്കളും ഉപേക്ഷിച്ച് പോകാൻ പല കുടുംബങ്ങളും തയ്യാറാകാത്തതാണ് പ്രധാന വെല്ലുവിളി. ഗ്രാമീണരെയും കന്നുകാലികളെയും ബോട്ടുകളിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ രക്ഷാപ്രവർത്തകർ കഠിനമായി പരിശ്രമിക്കുകയാണ്.

