Tuesday, December 16, 2025

43 വർഷത്തിനിടെ ഇതാദ്യം; ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കുവൈറ്റിലേക്ക്

ദില്ലി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കുവൈറ്റിലേക്ക്. 43 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്. കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി കുവൈറ്റിലെത്തുന്നത്.

കുവൈറ്റിലെ ഉന്നതനേതൃത്വവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രതിരോധം, വ്യാപാരം, നിക്ഷേപം, സുരക്ഷ എന്നീ മേഖലകൾ കേന്ദ്രീകരിച്ച് ചർച്ച നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുവൈറ്റ് ഭരണാധികാരിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. കുവൈറ്റ് കിരീടാവകാശി സംഘടിപ്പിക്കുന്ന വിരുന്നുസൽക്കാരത്തിൽ അദ്ദേഹം പങ്കെടുക്കും. ഇന്ത്യ- കുവൈറ്റ് ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാ​ഗമായാണ് പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്. കുവൈറ്റിലെ ഇന്ത്യൻ ലേബർ ക്യാമ്പ് സന്ദർശിക്കുന്ന പ്രധാനമന്ത്രി, ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെൻ്റിന്റെ ഉദ്ഘാടന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.

പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദർശനത്തിന് മുന്നോടിയായി നിക്ഷേപ ഉടമ്പടിയും പ്രതിരോധ സഹകരണ കരാറും സംബന്ധിച്ച് ചർച്ചകൾ നടന്നുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രിയുടെ ചരിത്രപരമായ സന്ദർശനം ഇന്ത്യ-കുവൈറ്റ് ബന്ധത്തിൽ പുത്തൻ അദ്ധ്യായം കുറിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി അരുൺ കുമാർ ചാറ്റർജി പറഞ്ഞു. വിദേശങ്ങളിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരുടെയും ക്ഷേമത്തിനും സുരക്ഷയ്‌ക്കും പ്രധാനമന്ത്രി മുൻ​ഗണന നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles