ദില്ലി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം. എൻഡിഎയിൽ നിന്ന് ഓം ബിര്‍ള സ്പീക്കര്‍ സ്ഥാനത്തേക്ക് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. ഡപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിന് നൽകാത്തതിനാൽ ഇൻഡി സഖ്യ സ്ഥാനാർത്ഥിയായി കൊടിക്കുന്നിൽ സുരേഷ് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു.
സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. സ്പീക്കർ സ്ഥാനത്തേക്കുള്ള മത്സരം ഒഴിവാക്കാൻ സമവായ സാധ്യത തേടി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രതിപക്ഷ നേതാക്കളെ കണ്ടിരുന്നു. സ്പീക്കർ തെരഞ്ഞെടുപ്പിൽ സമവായം വേണമെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകണം എന്നായിരുന്നു പ്രതിപക്ഷ നിലാപാട്.
രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എംപിയാണ് ഓം ബിര്‍ള. തുടർച്ചയായി മൂന്നാം തവണയാണ് അദ്ദേഹം ലോക്സഭയിലെത്തുന്നത്. 17-ാം ലോക്സഭയിലെ സ്പീക്കറായാരുന്നു. ഇത് രണ്ടാം തവണയാണ് ലോക് സഭാ സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിര്‍ളയെ എൻഡിഎ പരിഗണിക്കുന്നത്. അതേസമയം, മാവേലിക്കരയില്‍ നിന്ന് 10638 വോട്ടിനാണ് കൊടിക്കുന്നില്‍ സുരേഷ് ജയിച്ചത്. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് കൊടിക്കുന്നില്‍ സുരേഷ്.

