Sunday, December 21, 2025

കാനഡയുമായുള്ള നയതന്ത്ര സംഘർഷത്തിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അമേരിക്കയിലേക്ക്;9 ദിവസം നീണ്ടുനിൽക്കുന്ന ഉഭയകക്ഷി കൂടിക്കാഴ്ചകൾ ലക്ഷ്യം

ദില്ലി: കാനഡയുമായുള്ള നയതന്ത്ര സംഘർഷത്തിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ 09 ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലേക്ക്. ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയും ഗ്ലോബൽ സൗത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നതിനുമായാണ് വിദേശകാര്യ മന്ത്രിയുടെ യുഎസ് സന്ദർശനം. യു എസിന്റെ 78-ാമത് ജനറൽ അസംബ്ലിയിൽ പങ്കെടുത്തതിന് ശേഷം ഉഭയകക്ഷി കൂടിക്കാഴ്ചകൾക്കായി സെപ്റ്റംബർ 27 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ അദ്ദേഹം വാഷിംഗ്ടൺ ഡിസി സന്ദർശിക്കും.

സെപ്തംബർ 22 മുതൽ 26 വരെയാണ് എസ് ജയശങ്കറിന്റെ ന്യൂയോർക്ക് സന്ദർശനം നടക്കുന്നത്. സന്ദർശന വേളയിൽ യുഎൻ ജനറൽ അസംബ്ലിയുടെ 78-ാമത് സമ്മേളനത്തിൽ ഉന്നതതല ഇന്ത്യൻ പ്രതിനിധി സംഘത്തെ ജയശങ്കർ നയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം (MEA) അറിയിച്ചു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, യുഎൻ ജനറൽ അസംബ്ലിയുടെ 78-ാമത് സെഷൻ പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസ് എന്നിവരുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തും.

സെപ്റ്റംബർ 26 ന് ഉച്ചതിരിഞ്ഞ് നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയുടെ ഉന്നതതല സമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രസംഗിക്കുമെന്ന് MEA അറിയിച്ചു. യു എൻ സമ്മേളനത്തിന് ശേഷമാണ് അദ്ദേഹം വാഷിംഗ്ടൺ സന്ദർശിക്കുക. വാഷിംഗ്ടണിൽ ആന്റണി ബ്ലിങ്കൻ, യുഎസ് ഭരണകൂടത്തിലെ മുതിർന്ന അംഗങ്ങൾ, യുഎസ് ബിസിനസ്സ് നേതാക്കൾ എന്നിവരുമായി ജയശങ്കർ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും.

Related Articles

Latest Articles