Monday, December 22, 2025

ആറ് വർഷത്തിലധികം തടവ് ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ ഫോറൻസിക് പരിശോധന നിർബന്ധമാക്കി ദില്ലി പോലീസ്; തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഉത്തരവിനെ തുടർന്ന്

ദില്ലി: രാജ്യത്ത് ആറ് വർഷത്തിലധികം തടവ് ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ ഫോറൻസിക് പരിശോധന നിർബന്ധമാക്കി ദില്ലിപോലീസ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉത്തരവിനെ തുടർന്നാണ് തീരുമാനം. ഇതോടെ ഗുരുതരമായ എല്ലാ കേസുകളിലും ഫോറൻസിക് അന്വേഷണം നിർബന്ധമാക്കിയ ആദ്യത്തെ സംസ്ഥാനമായി ദില്ലി മാറിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു .

അമിത് നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ശിക്ഷാ നിരക്ക് വർദ്ധിപ്പിക്കുന്നതിനാണ് ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഫോറൻസിക് അന്വേഷണം നിർബന്ധമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ദില്ലി പോലീസ് ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ (ഐസിജെഎസ്) ഫോറൻസിക് സയൻസ് അന്വേഷണവുമായി സംയോജിപ്പിച്ചിട്ടുണ്ട്. കൂടാതെ കുറ്റാരോപിതർക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി ഗാന്ധിനഗർ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് പ്രവർത്തിച്ചുവരികയാണെന്ന് ഡൽഹി പോലീസ് വക്താവ് വ്യക്തമാക്കി. ഇന്ത്യയിലെ ഓരോ ജില്ലയിലും ദില്ലി പോലീസിന് സ്വന്തമായി മൊബൈൽ ക്രൈം ടീം വാൻ ഉണ്ടെന്ന് പോലീസ് കമ്മീഷണർ സഞ്ജയ് അറോറ പറഞ്ഞു. ഇത് കൂടാതെ ശാസ്ത്രീയമായി ഫോറൻസിക് സഹായം നൽകുന്നതിന് ഓരോ ജില്ലയ്‌ക്കും ഒരു ഫോറൻസിക് മൊബൈൽ വാൻ അനുവദിക്കും . ഈ വാഹനങ്ങൾ പൂർണമായും ശാസ്ത്രീയ ഉപകരണങ്ങൾ കൊണ്ട് സജ്ജീകരിച്ചിരിക്കണമെന്നും മതിയായ ഫോറൻസിക് അസിസ്റ്റന്റുമാരുടെ സേവനം ഇതിൽ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.

ഈ ഫോറൻസിക് മൊബൈൽ വാനുകൾ പോലീസിന്റെ നിയന്ത്രണത്തിലായിരിക്കില്ല, മറിച്ച് കോടതിയുടെ ഉത്തരവാദിത്വത്തിലുള്ള ഒരു സ്വതന്ത്ര സ്ഥാപനമായി പ്രവർത്തിക്കും. പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാർക്കോ അന്വേഷണ ഉദ്യോഗസ്ഥർക്കോ ഡൽഹി പോലീസിന്റെ മറ്റേതെങ്കിലും അന്വേഷണ ഏജൻസിക്കോ സഹായത്തിനായി ഇവർ കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തണമെന്നും നിർദ്ദേശമുണ്ട്.

ഗുരുതരമായ എല്ലാ കുറ്റകൃത്യങ്ങളിലും ഫോറൻസിക് അന്വേഷണം നിർബന്ധമാക്കുന്നതിലൂടെ, ശിക്ഷാ നിരക്ക് വർദ്ധിക്കുകയും നിയമലംഘനത്തിനുളള സാദ്ധ്യത കുറയുകയും ചെയ്യും. ഇത് അന്വേഷണ ഉദ്യോഗസ്ഥരിലും പ്രോസിക്യൂട്ടർമാരിലും കൂടുതൽ പ്രൊഫഷണൽ സമീപനം കൊണ്ടുവരുമെന്നും പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Related Articles

Latest Articles