തൃശൂര്‍: ദേശമംഗലം കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍പ്പെട്ട് മരിച്ച വനപാലകരുടെ എണ്ണം മൂന്നായി. ഗുരുതരമായി പൊള്ളലേറ്റ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വാച്ചര്‍ ശങ്കരനും മരിച്ചു. ട്രൈബല്‍ വാച്ചര്‍മാരായ ദിവാകരനും വേലായുധനും സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു.
വടക്കാഞ്ചേരി വനം റേഞ്ചില്‍ പൂങ്ങോട് പരിധിയില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെയാണ് സംഭവം. പത്തിലധികം വനം വകുപ്പ് ജീവനക്കാരാണ് തീ അണയ്ക്കുന്നതിനായി എത്തിയിരുന്നത്. ഒരു മേഖലയില്‍ നിന്നും തീയണച്ചു വരുന്നതിനിടെയാണ് മൂവരും അപകടത്തില്‍പെട്ടത്.
ഗുരുതര പൊള്ളലേറ്റ നിലയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാച്ചര്‍ ശങ്കരനെ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. പ്രദേശത്തെ തീ പൂര്‍ണമായും അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ പുകയുയര്‍ന്നതോടെ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് കാര്യങ്ങള്‍ ദുഷ്‌കരമാക്കി. ജില്ലയിലെ വിവിധ റേഞ്ചില്‍ നിന്നുള്ള അഗ്നിശമനസേന പ്രദേശത്ത് എത്തി. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

