Monday, December 22, 2025

വ്യാജ രേഖ കേസ്; അദ്ധ്യാപകരുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിന് പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും

കൊച്ചി: എസ് എഫ് ഐ നേതാവ് കെ വിദ്യയുടെ വ്യാജ രേഖ കേസിൽ അദ്ധ്യാപകരുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിന് പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. പാലക്കാട് സിജെഎം കോടതിയിലാണ് അപേക്ഷ സമർപ്പിക്കുക. അട്ടപ്പാടി കോളെജിലെ പ്രിൻസിപ്പലിന്റെയും അദ്ധ്യാപകരുടെയും മൊഴികളിൽ വൈരുധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് രഹസ്യ മൊഴി രേഖപ്പെടുത്താനൊരുങ്ങുന്നത്.

കഴിഞ്ഞ ദിവസം കോളേജിൽ എത്തിയ പോലീസ് സംഘം വിദ്യ കോളേജിലെത്തിയ സിസിടിവി ദൃശ്യങ്ങൾ ആദ്യഘട്ടത്തിൽ പരിശോധിച്ചിരുന്നില്ല. നേരത്തെ പ്രിൻസിപ്പലിന്റെ പരാതിയെ തുടർന്ന് കോളേജിൽ എത്തിയപ്പോൾ സിസി ടി വി ദൃശ്യങ്ങൾക്ക് അഞ്ചുദിവസത്തെ മാത്രമേ ബാക്കപ്പ് ഉള്ളൂ എന്ന് കോളേജിലെ ചിലർ പറഞ്ഞു എന്നാണ് ഇതിന് കാരണമായി പോലീസ് പറഞ്ഞത്. എന്നാൽ, ദൃശ്യങ്ങൾക്ക് 12 ദിവസത്തെ ബാക്കപ്പ് ഉണ്ടെന്നും, ഹാർഡ് ഡിസ്ക്കിൽ ദൃശ്യങ്ങൾ ഉണ്ടെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.

ഇതോടെയാണ് കോളേജ് തങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്നും, തെറ്റായ മൊഴികൾ നൽകി എന്ന വാദവുമായി പോലീസ് രംഗത്തെത്തിയത്. യഥാർത്ഥത്തിൽ ആദ്യഘട്ടത്തിൽ പോലീസിന് സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതിൽ ഉൾപ്പെടെ വീഴ്ച ഉണ്ടായിട്ടുണ്ട്. മാത്രമല്ല, എന്തുകൊണ്ട് കോളേജിലെ ചിലർ സിസിടിവിക്ക് അഞ്ചുദിവസത്തെ ബാക്കപ്പ് ഉള്ളൂ എന്ന് പോലീസിനെ തെറ്റിദ്ധരിപ്പിച്ചു എന്നതും ദുരൂഹമാണ്. അതേസമയം, ക്യാമറ ദൃശ്യങ്ങളിൽ വിദ്യക്കൊപ്പം മറ്റൊരാൾ ഉണ്ടായിരുന്നു എന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇയാൾ ആരാണ് എന്നതും ദുരൂഹമായി തുടരുകയാണ്.

Related Articles

Latest Articles