ദില്ലി : പഞ്ചാബിലെ ആം ആദ്മി പാർട്ടി നേതാവും പ്രശസ്ത പഞ്ചാബി ഗായികയുമായ അൻമോൽ ഗഗൻ മാൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു. ഖരാർ എംഎൽഎയായിരുന്ന അൻമോൽ പഞ്ചാബ് നിയമസഭ സ്പീക്കർ കുൽതാർ സിങ് സൻധ്വാന് രാജി സമർപ്പിച്ച് സ്ഥാനമൊഴിയുകയായിരുന്നു. മുപ്പത്തിയഞ്ചാം വയസിലാണ് അൻമോൽ തന്റെ രാഷ്ട്രീയ ജീവിതത്തിന് കർട്ടനിടുന്നത്.
2022-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഖരാർ മണ്ഡലത്തിൽ നിന്നാണ് മാൻ നിയമസഭയിലെത്തുന്നത് .ഭാഗവന്ത് മാൻ നയിക്കുന്ന സർക്കാരിൽ ടൂറിസം, സംസ്കാരം, നിക്ഷേപ പ്രോത്സാഹനം, തൊഴിൽ, ഹോസ്പിറ്റാലിറ്റി തുടങ്ങിയ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന അൻമോലിന് മന്ത്രിസഭാ പുനസംഘടനയിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടിരുന്നു. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അൻമോൽ മാൻ സംഗീത രംഗത്ത് സജീവമായിരുന്നു. സ്യൂട്ട്, ഷേർണി,ഘയ്ന്റ് പർപസ് തുടങ്ങിയ ഹിറ്റുകളാണ് അവരെ പ്രശസ്തിയിലേക്കുയർത്തിയത്.

