Friday, December 12, 2025

അഴിമതിക്കേസിൽ അറസ്റ്റിലായ ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു റിമാൻഡിൽ !നായിഡുവിന്റെ ജ്യാമാപേക്ഷ കോടതി തള്ളി; വിധി വിജയവാഡ എസിബി കോടതിയുടേത്

അമരാവതി: അഴിമതിക്കേസിൽ അറസ്റ്റിലായ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു 14 ദിവസത്തെ റിമാൻഡിൽ. നായിഡുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. വിജയവാഡ മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതിയുടേതാണ് വിധി. രാജമണ്ട്രി ജയിലിലേക്കാണു ചന്ദ്രബാബു നായിഡുവിനെ മാറ്റുക. ജാമ്യം നിഷേധിച്ചതോടെ ടിഡിപി (തെലുങ്കുദേശം പാർട്ടി) ഹൈക്കോടതിയെ ഉടൻ തന്നെ സമീപിക്കുമെന്നാണ് റിപ്പോർട്ട്.

കനത്ത സുരക്ഷയിലാണു ചന്ദ്രബാബു നായിഡുവിനെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കിയത്. നന്ദ്യാൽ ജില്ലയിൽ പൊതുപരിപാടി കഴിഞ്ഞു കാരവനിൽ ഉറങ്ങുന്നതിനിടെയാണ് ശനിയാഴ്ച ആന്ധ്ര പൊലീസിലെ സിഐഡി വിഭാഗം നായിഡുവിനെ കസ്റ്റഡിയിലെടുത്തത്. പുലർച്ചെ ആറിന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിജയവാഡയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

സംസ്ഥാനത്തു നൈപുണ്യ വികസന കോർപറേഷൻ നടപ്പാക്കുന്ന മികവിന്റെ കേന്ദ്രങ്ങൾക്കായി 2015–18 കാലയളവിൽ 3300 കോടി രൂപ വകയിരുത്തിയിരുന്നു. പദ്ധതിയുടെ ഭാഗമായി സാങ്കേതിക പരിശീലനം ലഭ്യമാക്കാൻ 371 കോടി രൂപ വകയിരുത്തി. എന്നാൽ, പണം കൈപ്പറ്റിയവർ സാങ്കേതിക പരിശീലനം നൽകിയില്ല. അന്വേഷണത്തിൽ ഈ 371 കോടി രൂപ വ്യാജ കമ്പനികൾക്കാണു കൈമാറിയതെന്ന് കണ്ടെത്തി. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനും ഗുണഭോക്താവും നായിഡു ആണെന്നു സിഐഡി മേധാവി എൻ.സഞ്ജയ് പറഞ്ഞു.

ജിഎസ്ടി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) നടത്തിയ അന്വേഷണത്തിൽ 10 പേരാണു അറസ്റ്റിലായത്. മുൻ മന്ത്രി ഗന്ത ശ്രീനിവാസ റാവു എംഎൽഎയെ വിശാഖപട്ടണത്തുവച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതികളായ മനോജ് വാസുദേവ്, പി.ശ്രീനിവാസ് എന്നിവർ രാജ്യം വിട്ടു. കേസിൽ നാരാ ലോകേഷിന്റെയും സുഹൃത്ത് കിലരു രാജേഷിന്റെയും പങ്ക് അന്വേഷിച്ചുവരുന്നതായും പോലീസ് അറിയിച്ചു .

Related Articles

Latest Articles