തൃശ്ശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി അന്തരിച്ചു. 94 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂർ കാച്ചേരി മൈനർ സെമിനാരിയിൽ വിശ്രമ ജീവിതം നയിച്ചു വരുകയായിരുന്നു. 2007 വരെ തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പായി പ്രവർത്തിച്ച അദ്ദേഹം തൃശൂർ അതിരൂപതയുടെ രണ്ടാമത്തെ ആർച്ച് ബിഷപ്പുമാണ്. ഭൗതിക ദേഹം ജൂബിലി മിഷൻ മെഡിക്കൽ കോളേജിലേക്ക് മാറ്റി . ഞായറാഴ്ച ഉച്ചതിരിഞ്ഞ് ബിഷപ്പ് ഹൗസിൽ പൊതുദർശനത്തിന് വയ്ക്കും. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രി, ജ്യോതി എഞ്ചിനീയറിങ് കോളേജ്, ഒട്ടേറെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെയും സ്ഥാപകനായിരുന്നു അദ്ദേഹം. സിറോ മലബാർ സിനഡ് , സിബിസിഐ വൈസ് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
മാർ ജേക്കബ് തൂങ്കുഴിയുടെ ആഗ്രഹപ്രകാരം സംസ്കാര ചടങ്ങുകൾ നടത്തും. തൃശ്ശൂർ ലൂർദ് പള്ളിയിൽ പ്രാർത്ഥന ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 10 മണിയോടെ പൂർത്തിയാക്കും. തുടർന്ന് അദ്ദേഹം സ്ഥാപിച്ച ക്രിസ്തുദാസി സന്യാസി സമൂഹത്തിന്റെ ആസ്ഥാനമായ കോഴിക്കോടേക്ക് കൊണ്ടു പോകും. ഉച്ചതിരിഞ്ഞ് അവിടെയായിരിക്കും സംസ്കാരം.

