തിരുവനന്തപുരം : കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കൈതോലപ്പായയിലെ പണം കടത്ത് ആരോപണത്തിൽ വീണ്ടും പിടിമുറുക്കി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി.ശക്തിധരൻ രംഗത്ത്. ഇരട്ടച്ചങ്കനായ സഖാവ് ആണ് കോടികൾ കീശയിലാക്കിയതെന്നും വാങ്ങികൂട്ടിയ കാശിന് യാതൊരു കണക്കുമില്ലെന്നും ആരോപണമുന്നയിച്ചിട്ടും ഇതിനെതിരെ നടപടികൾക്കായി നീങ്ങാത്തത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. തന്റെ ഫേസ്ബുക്കിലാണ് അദ്ദേഹം പ്രതിപ്രകരണവുമായി വീണ്ടും രംഗത്തെത്തിയത്.
കോൺഗ്രസിന് വേണ്ടി ആരോപണമുന്നയിക്കുന്നുവെന്ന എം വി ഗോവിന്ദന്റെ ആരോപണത്തിന് ‘എന്റെ രക്തത്തിന്റെ രാഷ്ട്രീയ ഡി എൻ എ ആർക്കും മനസിലാകുന്നില്ല’? എന്നായിരുന്നു ശക്തിധരൻ നൽകിയ മറുപടി.
കൈതോലപ്പായയിൽ ഉന്നത സിപിഎം നേതാവ് പണം കടത്തിയെന്ന് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ കഴിഞ്ഞ ദിവസം തന്നെ ആരോപണം ഉന്നയിച്ചിരുന്നു. കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ (2,00,35,000) ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്നായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റിലൂടെയുള്ള ഗുരുതര ആരോപണം. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും ശക്തിധരൻ വ്യക്തമാക്കിയിരുന്നു.

