ലക്നൗ : ജയിലിലായ മുൻ എംപിയും ഗുണ്ടാ–രാഷ്ട്രീയ നേതാവുമായ ആതിഖ് അഹമ്മദിന്റെ മകൻ അസദ് അഹമ്മദ് ഉത്തർപ്രദേശിലെ ഝാൻസിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉമേഷ് പാൽ വധക്കേസിൽപ്പെട്ട ഗുലാം എന്നയാളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. അസദും ഉമേഷ് പാൽ കേസിൽ പൊലീസിന്റെ ‘വാണ്ടഡ്’ പട്ടികയിൽപ്പെട്ടവരാണ്. നേരത്തെ ഇരുവരുടെയും തലയ്ക്കു 5 ലക്ഷം വീതം വിലയിട്ടിരുന്നു.
അസദിൽ നിന്ന് വിദേശനിർമ്മിത തോക്കുകൾ കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി. 2006 ൽ ഉമേഷ് പാൽ എന്നയാളെ തട്ടിക്കൊണ്ടുപോയ കേസിൽ ആതിഖ് അഹമ്മദിനും മറ്റു രണ്ടു പേർക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.
അതെസമയം നൂറിലേറെ കേസുകളുള്ള ആതിഖ് ആദ്യമായാണ് ഒരു കേസിൽ ശിക്ഷിക്കപ്പെടുന്നത്. സംസ്ഥാനത്തെ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആതിഖിന്റെ അറസ്റ്റ്.

