Friday, December 12, 2025

മുഹമ്മദ് യൂനുസ് ഒരിക്കലും ജനങ്ങളെ സ്‌നേഹിക്കാത്ത ഒരാൾ !! ബംഗ്ലാദേശിൽ മടങ്ങിയെത്തുമെന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

അല്ലാഹു തന്നെ ജീവനോടെ നിലനിർത്തിയതിന് കാരണമുണ്ടെന്നും അവാമി ലീഗ് അംഗങ്ങളെ ലക്ഷ്യമിട്ട് ആക്രമിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്ന ദിവസം വരുമെന്നും ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ബംഗ്ലാദേശിലേക്ക് മടങ്ങിവരുമെന്നും ഹസീന പറഞ്ഞു. സമൂഹ മാദ്ധ്യമത്തിലൂടെ കുടുംബാംഗങ്ങളുമായും പാര്‍ട്ടി പ്രവര്‍ത്തകരുമായും സംവദിക്കുകയായിരുന്നു അവര്‍. ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ മുഖ്യഉപദേഷ്ടാവ് മുഹമ്മദ് യൂനിസിനെതിരേയും ഹസീന രൂക്ഷ വിമർശനം ഉന്നയിച്ചു. ഒരിക്കലും ജനങ്ങളെ സ്‌നേഹിക്കാത്ത ഒരാളെന്നാണ് യൂനിസിനെ അവർ വിശേഷിപ്പിച്ചത്.

“അയാള്‍ ഉയര്‍ന്ന പലിശയ്ക്ക് ചെറിയ തുകകള്‍ വായ്പയെടുത്ത് ആ പണമുപയോഗിച്ച് വിദേശത്ത് ആഡംബരജീവിതം നയിച്ചു. അയാളുടെ കാപട്യം അന്ന് ഞങ്ങള്‍ തിരിച്ചറിയാത്തതിനാല്‍ ഞങ്ങളയാളെ കണക്കറ്റ് സഹായിച്ചു. പക്ഷേ ജനങ്ങള്‍ക്ക് അതുകൊണ്ട് യാതൊരു നേട്ടവുമുണ്ടായില്ല. സ്വന്തം നേട്ടത്തിനായി അയാള്‍ നന്നായി പ്രവര്‍ത്തിച്ചു. പിന്നെ അയാള്‍ക്ക് അധികാരത്തോട് ഭ്രമമായി. ആ അധികാരമോഹമാണ് ബംഗ്ലാദേശിനെ എരിയിച്ചുകൊണ്ടിരിക്കുന്നത്. വികസനത്തിന്റെ മാതൃകയായി ഒരിക്കൽ എല്ലാവരും കണ്ടിരുന്ന ബംഗ്ലാദേശ് ഇപ്പോള്‍ ഒരു ഭീകരരാഷ്ട്രമായി ഇന്ന് മാറി. അവാമി ലീഗ് പ്രവര്‍ത്തകര്‍, പോലീസ് സേനാംഗങ്ങള്‍, അഭിഭാഷകര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍, കലാകാരന്‍മാര്‍ തുടങ്ങി തങ്ങളെ അനുകൂലിക്കുന്നവരെയെല്ലാം ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടക്കുന്നു. എന്നാല്‍ ഇവയൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല.

എനിക്ക് എന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും എല്ലാവരെയും ഒരു ദിവസം കൊണ്ട് നഷ്ടപ്പെട്ടു. എന്നിട്ട് അവർ ഞങ്ങളെ നാട്ടിലേക്ക് മടങ്ങാൻ അനുവദിച്ചില്ല. സ്വന്തം നഷ്ടപ്പെട്ടതിന്റെ വേദന എനിക്കറിയാം. അല്ലാഹു എന്നെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു, ഒരുപക്ഷേ അവൻ എന്നിലൂടെ എന്തെങ്കിലും നന്മ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടാകാം. ഈ കുറ്റകൃത്യങ്ങൾ ചെയ്തവർ ശിക്ഷിക്കപ്പെടണം. ഇതാണ് എന്റെ പ്രതിജ്ഞ”- ഷെയ്ഖ് ഹസീന പറഞ്ഞു.

Related Articles

Latest Articles