Thursday, December 18, 2025

പുലിവാല് പിടിച്ച് ഫ്രഷേഴ്സ് ഡേ ആഘോഷം; മലപ്പുറത്ത് കോളജിലെ ഡി ജെ പാർട്ടിക്കിടെ വിദ്യാർത്ഥിനികൾ കുഴഞ്ഞു വീണു

മലപ്പുറം: കോളേജിലെ ഡി ജെ പാർട്ടിക്കിടെ വിദ്യാർത്ഥിനികൾ കുഴഞ്ഞു വീണു. മഞ്ചേരി കോ-ഓപ്പറേറ്റീവ് കോളേജിലാണ് സംഭവം. 10 വിദ്യാർത്ഥിനികളാണ് ഡി ജെ പാർട്ടിക്കിടെ കുഴഞ്ഞുവീണത്. ഉടൻ തന്നെ അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുട്ടികളെ ആശുപത്രിയിലെത്തിച്ചു. കോളേജിലെ ഫ്രഷേഴ്‌സ് ഡേയോടനുബന്ധിച്ചു ശനിയാഴ്ച നടത്തിയ പാർട്ടിയിലാണ് വിദ്യാർത്ഥിനികൾ കുഴഞ്ഞുവീണത്.

കൂട്ടുകാരോടൊത്തുള്ള ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ് വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണത്. ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. പരിപാടി നടക്കവേ ആദ്യം ഒരു വിദ്യാർത്ഥിനി കുഴഞ്ഞു വീഴുകയായിരുന്നു. ഈ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അടുത്ത ഒരു കുട്ടി കൂടി കുഴഞ്ഞുവീണു. ഇതോടെ കോളേജ് അധികൃതരും പരിഭ്രാന്തിയിലായി.

അധികം വൈകാതെ കൂടുതൽ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാകാൻ തുടങ്ങി. ഒമ്പത് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചശേഷം കൂടെ വന്ന ഒരു പെൺകുട്ടി ആശുപത്രിയിൽ വച്ചും കുഴഞ്ഞു വീണതോടെ കാര്യങ്ങളുടെ ഗൗരവം ഇരട്ടിച്ചു. ഡിഗ്രി വിദ്യാർത്ഥിനികളായ പ്രതീഷ്മ (20), സൂര്യ (19), നിഷിത (20), നയന (19), ജസീന (20), നന്ദന (20), നിഖില (20), ഹർഷ (20), തൗഫിയ (19), സിദ്ധി (19) തുടങ്ങിയവരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.

കുട്ടികളുടെ എല്ലാവരുടെയും രക്ത പരിശോധന നടത്തി. ആരുടെയും നില ഗുരുതരമല്ലെന്ന് കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. ഡിജെ പാർട്ടി നടത്തിയത് ഹാളിൽ ടാർപോളിൻ ഉപയോഗിച്ച് പ്രത്യേക സൗകര്യം ഒരുക്കിയാണ്. ശബ്‍ദ ക്രമീകരണത്തിനു വേണ്ടിയാണ് ടാർപോളിൻ ഉപയോഗിച്ച് മറച്ചതെന്ന് അദ്ധ്യാപകർ പറയുന്നു. ഇതിനകത്ത് ചൂട് കൂടിയതും ഏറെസമയം നൃത്തം ചെയ്തതുമാണ് ദേഹാസ്വാസ്ഥ്യത്തിന് ഇടയാക്കിയതെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്.

Related Articles

Latest Articles