ചരിത്രത്തിൽ ആദ്യമായി രാജ്യത്തിന് പുറത്ത് പണികഴിപ്പിക്കുന്ന ഭാരതത്തിന്റെ പ്രതിരോധ നിർമ്മാണ യൂണിറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ പൂർത്തിയായി.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കേന്ദ്രം ഉദ്ഘാടനം ചെയ്യുന്നതോടെ ഭാരതത്തിന്റെ പ്രതിരോധ മേഖലയിൽ ചരിത്രപരമായ പുതിയ അദ്ധ്യായം കൂടി കുറിക്കപ്പെടുകയാണ്. . “വീൽഡ് ആർമേർഡ് പ്ലാറ്റ്ഫോം” (WhAP) എന്ന് പേരിട്ടിട്ടുള്ള കവചിത വാഹനങ്ങളാണ് മൊറോക്കോയിലെ ബെറെച്ചിഡ് നഗരത്തിലെ ഈ അത്യാധുനിക ഫാക്ടറിയിൽ നിർമ്മിക്കുന്നത്.
ഇന്ത്യൻ പ്രതിരോധ മന്ത്രിയുടെ ആദ്യത്തെ മൊറോക്കോ സന്ദർശന വേളയിലാകും ടാറ്റയുടെ നേതൃത്വത്തിൽ നിർമ്മാണം നടത്തിയ ഈ കവചിത വാഹന പ്ലാന്റ് ഉദ്‌ഘാടനം ചെയ്യപ്പെടുക. ഇത് “മേക്ക് ഇൻ ഇന്ത്യ” എന്നതിൽ നിന്ന് “മേക്ക് ഫോർ ദി വേൾഡ്” എന്ന നിലയിലേക്കുള്ള ഭാരതത്തിന്റെ പരിവർത്തനത്തിന്റെ നിർണ്ണായക സൂചനയാണ്. ആഭ്യന്തര ഉത്പാദനം ശക്തിപ്പെടുത്തുന്നതിനൊപ്പം ആഗോള വിപണിയിലേക്ക് പ്രതിരോധ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാനുള്ള ഇന്ത്യയുടെ പുതിയ ലക്ഷ്യത്തെ ഇത് എടുത്തുകാണിക്കുന്നു.
രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതിയിൽ അടുത്തിടെ വലിയ വർധനവാണുണ്ടായിട്ടുള്ളത്. ‘ഓപ്പറേഷൻ സിന്ദൂർ’ പോലുള്ള സൈനിക നടപടികൾക്ക് ശേഷം ഭാരതത്തിന്റെ ആയുധങ്ങളോടുള്ള ആഗോള താൽപ്പര്യം വർധിച്ചു. ഫിലിപ്പീൻസ് ബ്രഹ്മോസ് മിസൈൽ വാങ്ങിയതിന് പിന്നാലെ നിരവധി രാജ്യങ്ങൾ ഈ മിസൈൽ സ്വന്തമാക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു. 2014 മുതൽ ഇറക്കുമതിയെ മാത്രം ആശ്രയിച്ചിരുന്ന ഭാരതം, ഇപ്പോൾ ശക്തമായ ആഭ്യന്തര പ്രതിരോധ വ്യവസായം കെട്ടിപ്പടുത്ത് സ്വയംപര്യാപ്തത നേടി.
“മേക്ക് ഇൻ ഇന്ത്യ” സംരംഭത്തിന് കീഴിലുള്ള പരിഷ്കാരങ്ങൾ ഭാരതത്തെ ഒരു ആഗോള പ്രതിരോധ സാങ്കേതിക ഹബ്ബാക്കി മാറ്റി. 2024-25 സാമ്പത്തിക വർഷത്തിൽ ഭാരതത്തിന്റെ പ്രതിരോധ കയറ്റുമതി 23,622 കോടി രൂപ ($2.76 ബില്യൺ) എന്ന റെക്കോർഡ് ഉയരത്തിലെത്തി. മുൻവർഷത്തേക്കാൾ 12% വർധനവാണുണ്ടായത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ കയറ്റുമതിയിൽ 43% വർധന രേഖപ്പെടുത്തി.
നിലവിൽ അമേരിക്ക, ഫ്രാൻസ്, അർമേനിയ തുടങ്ങി നൂറിലധികം രാജ്യങ്ങളിലേക്ക് ഭാരതം പ്രതിരോധ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. ബ്രഹ്മോസ് മിസൈലുകൾ, പീരങ്കികൾ, ഹെലികോപ്റ്ററുകൾ, ഡോർണിയർ-228 വിമാനങ്ങൾ, റഡാറുകൾ, ആകാശ് മിസൈലുകൾ, പിനാക റോക്കറ്റുകൾ, അന്തർവാഹിനികൾ, കവചിത വാഹനങ്ങൾ എന്നിവയെല്ലാം ഈ കയറ്റുമതിയിൽ ഉൾപ്പെടുന്നു.
2029 ഓടെ പ്രതിരോധ ഉത്പാദനം മൂന്ന് ലക്ഷം കോടി രൂപയായും കയറ്റുമതി 50,000 കോടി രൂപയായും ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടുത്തിടെ റഷ്യൻ സൈന്യത്തിൽ ബിഹാറിൽ നിർമ്മിച്ച ബൂട്ടുകൾ ഉൾപ്പെടുത്തിയത് ഭാരതത്തിന്റെ പ്രതിരോധ ഉത്പന്നങ്ങളുടെ ആഗോള വിശ്വാസ്യത വർധിക്കുന്നതിന്റെ സൂചനയാണ്. മൊറോക്കോയിലെ പുതിയ ഉത്പാദന കേന്ദ്രം ഭാരതത്തെ ഒരു വിശ്വസനീയ പ്രതിരോധ പങ്കാളിയാക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷ.

