Sunday, December 14, 2025

‘G.O.A.T ടൂർ ഇന്ത്യ!!ലയണൽ മെസ്സി നാളെ ഇന്ത്യയിലെത്തും ! നേരിൽ കാണാൻ ടിക്കറ്റ്നിരക്ക് 10 ലക്ഷം രൂപ ! സമൂഹ മാദ്ധ്യമത്തിൽ പ്രതിഷേധവുമായി ആരാധകർ

കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ കൊൽക്കത്തയിൽ ആരംഭിക്കുന്ന ‘G.O.A.T ടൂർ ഇന്ത്യ’യുടെ ഭാഗമായി താരം കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നീ നഗരങ്ങളിൽ സന്ദർശനം നടത്തും. എന്നാൽ, മെസ്സിയെ നേരിൽ കാണാനുള്ള ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ ടിക്കറ്റ് നിരക്ക് പുറത്തുവിട്ടതോടെ ഇന്ത്യൻ ആരാധകർ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. ലോക ചാമ്പ്യനോടൊപ്പം 15 മിനിറ്റ് ചെലവഴിക്കാനും ഒരു ഫോട്ടോയെടുക്കാനുമുള്ള ടിക്കറ്റിന് ജിഎസ്ടിക്ക് പുറമെ 9.95 ലക്ഷം രൂപയാണ് സംഘാടകർ നിശ്ചയിച്ചിരിക്കുന്നത്.

ഈ പ്രീമിയം ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ ഇവന്റ് ഹൈദരാബാദിലെ ഫലക്നുമ പാലസിലാണ് നടക്കുക. ആകെ 100 പേർക്ക് മാത്രമാണ് ഈ അവസരം ലഭിക്കുകയെന്നും ഇതിനായുള്ള ടിക്കറ്റുകൾ ‘ഡിസ്ട്രിക്റ്റ്’ആപ്ലിക്കേഷൻ വഴി വിറ്റുതുടങ്ങിയതായും സംഘാടകർ അറിയിച്ചു. ഏകദേശം 10 ലക്ഷം രൂപയോളം വരുന്ന ഈ ഭീമമായ തുക പ്രഖ്യാപിച്ചതോടെ, സാധാരണക്കാർക്ക് ലോക ചാമ്പ്യനെ കാണാൻ പോലും അവസരം ലഭിക്കില്ലെന്ന് പറഞ്ഞ് നിരവധി ആരാധകർ എക്സ് (മുമ്പ് ട്വിറ്റർ) അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രതിഷേധം അറിയിച്ചു. പണം നൽകി ഫോട്ടോ എടുക്കുന്നതിനേക്കാൾ കുറഞ്ഞ ചിലവിൽ എഐ (AI) ഉപയോഗിച്ച് മെസ്സിയോടൊപ്പം ചിത്രം നിർമ്മിക്കുന്നതാണ് നല്ലതെന്നും ചിലർ പരിഹസിച്ചു.

നാളെ കൊൽക്കത്തയിൽ എത്തുന്ന മെസ്സി പിന്നീട് ഹൈദരാബാദിലേക്ക് പോകും. അതിനുശേഷം മുംബൈയിലേക്ക് പോകുന്ന താരം അവിടെ സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവർക്കൊപ്പം ഒരു ചാരിറ്റി ഫാഷൻ ഷോയിൽ പങ്കെടുക്കും. ഡിസംബർ 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഔദ്യോഗിക വസതിയിൽ വെച്ച് മെസ്സി കൂടിക്കാഴ്ച നടത്തും.’

Related Articles

Latest Articles