ന്യൂയോര്‍ക്ക്: അമേരിക്കയിലെ ജോര്‍ജിയയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ നാലു പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റതായാണ് സൂചന. ജോർജിയയിലെ വിൻഡറിലെ അപലാച്ചി ഹൈസ്‌കൂളിലാണ് വെടിവയ്പ്പ് നടന്നത്. വെടിവയ്പ്പിന് പിന്നില്‍ ഇതേ സ്കൂളിലെ 14കാരനായ വിദ്യാര്‍ത്ഥിയാണെന്ന് പോലീസ് വ്യക്തമാക്കി. വെടിയുതിര്‍ത്ത 14കാരൻ കോള്‍ട്ട് ഗ്രേയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരിൽ രണ്ടു പേര്‍ വിദ്യാര്‍ത്ഥികളും രണ്ടു പേര്‍ അദ്ധ്യാപകരുമാണ്. വെടിവയ്പ്പിന്‍റെ കാരണമോ മറ്റു കൂടുതൽ വിവരങ്ങളോ ലഭ്യമായിട്ടില്ല. ആക്രമണം നടന്നയുടനെ പോലീസ് സ്ഥലത്തെത്തി അക്രമിയെ പിടികൂടുകയായിരുന്നു. സ്കൂളില്‍ പോലീസ് പരിശോധന നടത്തി.
ഒരു വർഷം മുമ്പ് ഇന്ന് വെടിവയ്പ്പ് നടത്തിയ 14കാരനെ എഫ്.ബി.ഐ ചോദ്യം ചെയ്തിരുന്നു. സ്കൂളിൽ വെടിവയ്പ്പ് നടത്തുമെന്ന് ഓൺലൈനിലൂടെ ഭീഷണി മുഴക്കിയതിനായിരുന്നു ചോദ്യം ചെയ്യൽ. തോക്കുകളുടെ ചിത്രമുൾപ്പടെ പങ്കുവെച്ച് കോൾട്ട് ഗ്രേ ഭീഷണി മുഴക്കിയെന്നായിരുന്നു എഫ്.ബി.ഐക്ക് ലഭിച്ച പരാതി. എന്നാൽ, ആരോപണങ്ങൾ 14കാരൻ നിഷേധിക്കുകയായിരുന്നു.

