ജുൻജുനു, (രാജസ്ഥാൻ): വിവാഹം കഴിക്കണമെന്ന ആവശ്യവുമായി 600 കിലോമീറ്റർ കാറോടിച്ച് എത്തിയ കാമുകിയെ തലയ്ക്കടിച്ചു കൊന്ന് കാമുകൻ.രാജസ്ഥാനിലെ ജുൻജുനു സ്വദേശിയായ മുകേഷ് കുമാരിയെന്ന 37 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ കാമുകനും സ്കൂൾ അദ്ധ്യാപകനുമായ മനാറം അറസ്റ്റിലായി. കൊലപാതകത്തിന് ശേഷം സംഭവം വാഹനാപകടമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും പോലീസ് അന്വേഷണത്തിൽ പ്രതി കുറ്റം സമ്മതിച്ചു.
ജുൻജുനുവിൽ അംഗൻവാടി സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന മുകേഷ് കുമാരി ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഫേസ്ബുക്കിലൂടെയാണ് ബാർമറിലെ അദ്ധ്യാപകനായ മനാറമുമായി ഇവർ പരിചയത്തിലായത്. പിന്നീട് ഈ ബന്ധം പ്രണയമായി വളർന്നു. ഇരുവരും ഇടയ്ക്കിടെ കണ്ടുമുട്ടാൻ തുടങ്ങി. ഇതിനായി മുകേഷ് കുമാരി പലപ്പോഴും 600 കിലോമീറ്ററിലധികം ദൂരമുള്ള ബാർമറിലേക്ക് കാറോടിച്ച് പോകുമായിരുന്നു.
മനാറമുമായി ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ച മുകേഷ്, വിവാഹം കഴിക്കാൻ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ, മനാറമിന്റെ വിവാഹമോചന കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയായിരുന്നത് ഈ വിഷയത്തിൽ തർക്കങ്ങൾക്ക് കാരണമായി.
സെപ്തംബർ 10-ന് മുകേഷ് കുമാരി കാറിൽ മനാറമിന്റെ ഗ്രാമത്തിലെത്തി. അവിടെയുള്ളവരോട് അന്വേഷിച്ച് മനാറമിന്റെ വീട്ടിലെത്തിയ മുകേഷ്, ഇവരുമായുള്ള ബന്ധത്തെക്കുറിച്ച് വീട്ടുകാരോട് വെളിപ്പെടുത്തി. ഇത് മനാറമിനെ അത്യധികം പ്രകോപിപ്പിച്ചു. തുടർന്ന്, മനാറം പോലീസിനെ വിവരമറിയിക്കുകയും സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ ഇരുവർക്കും കൗൺസിലിംഗ് നൽകി പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
അന്ന് വൈകുന്നേരം മുകേഷും മനാറമും കാറിൽ സംസാരിക്കുന്നതിനിടെ തർക്കമുണ്ടായി. പ്രകോപിതനായ മനാറം കാറിലുണ്ടായിരുന്ന ഒരു ഇരുമ്പ് വടി ഉപയോഗിച്ച് മുകേഷിന്റെ തലക്കടിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം മൃതദേഹം കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുത്തി അപകടമരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ശേഷം മനാറം വീട്ടിലേക്ക് മടങ്ങി.
പിറ്റേന്ന് രാവിലെ മനാറം തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്. എന്നാൽ, അന്വേഷണം ആരംഭിച്ച പോലീസ് മരണ സമയത്ത് മുകേഷിന്റെയും മനാറമിന്റെയും ഫോൺ ലൊക്കേഷനുകൾ ഒരേ സ്ഥലത്തായിരുന്നെന്ന് കണ്ടെത്തി. ഇത് പോലീസിന്റെ സംശയം വർദ്ധിപ്പിച്ചു. വിശദമായ ചോദ്യം ചെയ്യലിൽ മനാറം കുറ്റം സമ്മതിച്ചു. മുകേഷ് കുമാരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ എത്തിയ ശേഷം നടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.

