കൊൽക്കത്ത: പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട തൃണമൂൽ കോൺഗ്രസ് എം.എൽ.എ. ഹുമയൂൺ കബീർ മുർഷിദാബാദിൽ അയോദ്ധ്യയിലെ തർക്കമന്ദിരത്തിന്റെ മാതൃകയിലുള്ള പള്ളിക്ക് തറക്കല്ലിട്ടതിന് പിന്നാലെ, കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ഗീതാ പാരായണ മഹാസംഗമം നടന്നു. സനാതൻ സംസ്കൃതി സൻസദ് സംഘടിപ്പിച്ച പരിപാടിയിൽ അഞ്ച് ലക്ഷത്തിലധികം വിശ്വാസികളാണ് പങ്കെടുത്തത്. ഭഗവദ്ഗീതയിലെ ശ്ലോകങ്ങൾ കൂട്ടമായി പാരായണം ചെയ്തതോടെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ട് ഡ്രംസിൻ്റെയും കൈത്താളങ്ങളുടെയും ശബ്ദത്തിൽ മുഖരിതമായി.
വൻ ജനപങ്കാളിത്തത്തോടെ നടന്ന പരിപാടിയെ ബിജെപി നേതാക്കൾ പ്രശംസിച്ചു. ബിജെപി നേതാവ് ദിലീപ് ഘോഷ്, ഈ മഹാസംഗമം “ഹിന്ദുക്കളുടെ കൂട്ടായ ഉണർവ്വിൻ്റെ ഫലമാണ്” എന്ന് അഭിപ്രായപ്പെട്ടു.
“ഇതിന് മുമ്പ് സിലിഗുരിയിൽ നടന്ന പരിപാടിയിൽ ഒരു ലക്ഷം പേരാണ് പങ്കെടുത്തത്. ഇപ്പോൾ ബംഗാളിനും ഈ പാരായണം ആവശ്യമാണ്, കാരണം ഹിന്ദുത്വം അപകടത്തിലാണ്. എല്ലാവരെയും ഒന്നിപ്പിക്കാനുള്ള ഏറ്റവും നല്ല മാധ്യമമാണ് ഗീത,” ഘോഷ് പറഞ്ഞു.
പരിപാടിക്ക് മുന്നോടിയായി സംസാരിച്ച ബിജെപി എം.പി സുകാന്ത മജുംദാർ, ബംഗാളിലെ സന്യാസിമാർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗീതാ പാരായണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും, ബംഗാളിനെ രക്ഷിക്കാൻ അവരുടെ അനുഗ്രഹം ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു.
ഭഗവദ്ഗീത ഹിന്ദുക്കളുടെ ഏറ്റവും പവിത്രമായ ഗ്രന്ഥമാണെന്നും, ഇത് ഹിന്ദുക്കളെ മുഴുവൻ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും പത്മശ്രീ ജേതാവായ കാർത്തിക് മഹാരാജ് (പ്രദീപ്താനന്ദ മഹാരാജ്) വ്യക്തമാക്കി. രാജ്യമെമ്പാടുമുള്ള സന്യാസിമാർ പരിപാടിയിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസമാണ് മുർഷിദാബാദിൽ ‘തർക്കമന്ദിരത്തിന്റെ മാതൃകയിലുള്ള പള്ളിക്ക് തറക്കല്ലിട്ടത്. “വർഗ്ഗീയ രാഷ്ട്രീയം” ആരോപിക്കപ്പെട്ട് തൃണമൂൽ സസ്പെൻഡ് ചെയ്ത ദേബ്ര മണ്ഡലം എംഎൽഎ ഹുമയൂൺ കബീറാണ് ഈ വിവാദ പരിപാടിക്ക് നേതൃത്വം നൽകിയത്. ഡിസംബർ 6-ന്, 1992-ൽ അയോദ്ധ്യയിലെ തർക്ക മന്ദിരം തകർത്തതിൻ്റെ വാർഷിക ദിനത്തിലാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.
ദേശീയപാത 12-ൽ നടന്ന ചടങ്ങിൽ സൗദി അറേബ്യയിൽ നിന്നുള്ള മതനേതാക്കൾ പങ്കെടുത്തു. 40,000-ത്തിലധികം ആളുകൾക്ക് ബിരിയാണി വിതരണം ചെയ്ത ഈ ചടങ്ങിൽ, നിർദ്ദിഷ്ട പള്ളി “എന്തു വിലകൊടുത്തും” പൂർത്തിയാക്കുമെന്ന് കബീർ പ്രഖ്യാപിച്ചു. മുർഷിദാബാദിലെ പള്ളി നിർമ്മാണ പ്രഖ്യാപനം സൃഷ്ടിച്ച രാഷ്ട്രീയ കോളിളക്കത്തിന് മറുപടിയായാണ് കൊൽക്കത്തയിലെ ഗീതാ പാരായണ മഹാസംഗമത്തെ ബി.ജെ.പി. നേതാക്കൾ ഉയർത്തിക്കാണിക്കുന്നത്.

