100 എയർബസ് വിമാനങ്ങൾ വാങ്ങാനുള്ള ഓർഡർ നൽകി ഇന്ത്യൻ വിമാനക്കമ്പിനിയായ എയർ ഇന്ത്യ. 10 വൈഡ്ബോഡി A350 വിമാനവും 90 നാരോബോഡി A320 ഫാമിലി എയർക്രാഫ്റ്റുകളും ഉൾപ്പെടെയാണ് ഈ വമ്പൻ ഓർഡർ. ഉപഭോക്താക്കൾക്ക് കൂടുതൽ പ്രീമിയം അനുഭവം നൽകുക എന്നതാണ് എയർലൈനിന്റെ ലക്ഷ്യമെന്നും ഇതിനായി പുതിയ വിമാനങ്ങൾക്കായി കാത്തിരിക്കുകയാണെന്നും എയർ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കാംബെൽ വിൽസൺ പറഞ്ഞു. കഴിഞ്ഞ വർഷം എയർബസിനും ബോയിങ്ങിനും നൽകിയ 470 വിമാനങ്ങളുടെ ഓർഡറുകൾക്ക് പുറമെയാണ് പുതിയ ഓർഡറുകൾ കൂടി നൽകിയിരിക്കുന്നത്.
എയർ ഇന്ത്യയുടെ ആദ്യത്തെ വൈഡ് ബോഡി എയർബസ് എ350-900 വിമാനം കഴിഞ്ഞ ഡിസംബറിൽ സർവീസ് ആരംഭിച്ചിരുന്നു. ഈ വിമാനങ്ങൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വിമാനക്കമ്പനിയാണ് എയർ ഇന്ത്യ. ഏറ്റവും പുതിയ ഓർഡർ പ്രകാരം, 40 എ350 വിമാനങ്ങളും 210 എ320 ഫാമിലി എയർക്രാഫ്റ്റുകളും ഉൾപ്പടെ എയർബസിനോട് ഓർഡർ ചെയ്ത വിമാനങ്ങളുടെ എണ്ണം 350 ആയി. എയർ ഇന്ത്യ 2023-ൽ ബോയിംഗിനൊപ്പം 220 വൈഡ് ബോഡി, നാരോബോഡി വിമാനങ്ങൾക്കായി ഓർഡർ നൽകിയിരുന്നു, അതിൽ 185 വിമാനങ്ങൾ ഡെലിവറി ചെയ്യാനുണ്ട്.

