കാസർഗോഡ്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ മലബാർ ദേവസ്വം ബോർഡ് ജീവനക്കാരെ പങ്കെടുപ്പിക്കാൻ ക്ഷേത്ര വരുമാനം ഉപയോഗിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. മലബാർ ദേവസ്വം ബോർഡ് സെപ്റ്റംബർ 15-ന് കൈക്കൊണ്ട ഈ തീരുമാനം അങ്ങേയറ്റം പരിതാപകരവും ഭക്തജനങ്ങളോട് ചെയ്യുന്ന അനീതിയുമാണെന്ന് ധീവരസഭ കാസർഗോഡ് ജില്ലാ പ്രസിഡന്റ് സുരേഷ് കുമാർ പ്രസ്താവനയിലൂടെ അറിയിച്ചു.
ക്ഷേത്ര ജീവനക്കാരെ മുഴുവൻ പരിപാടിയിൽ പങ്കെടുപ്പിക്കാൻ യാത്രാച്ചെലവ്, ഭക്ഷണം, താമസം എന്നിവയ്ക്കുള്ള പണം അതാത് ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളിൽ നിന്നും വരുമാനത്തിൽ നിന്നും ഉപയോഗിക്കാൻ അനുമതി നൽകിയതാണ് പ്രതിഷേധത്തിന് കാരണം. ഭക്തർ കാണിക്കയായി സമർപ്പിക്കുന്ന പണവും വഴിപാട് ഇനത്തിൽ ലഭിക്കുന്ന തുകയും ക്ഷേത്ര ജീവനക്കാരുടെ സ്വകാര്യ ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നത് ശരിയായ നടപടിയല്ലെന്ന് സുരേഷ് കുമാർ ചൂണ്ടിക്കാട്ടി.
“ഭക്തരുടെ നേർച്ചപ്പണം ക്ഷേത്ര ജീവനക്കാരുടെ യാത്രാച്ചെലവുകൾക്കായി ഉപയോഗിക്കാനുള്ളതല്ല. ഇത്രയും അനീതി നിറഞ്ഞ ഒരു ഉത്തരവ് എങ്ങനെ പുറപ്പെടുവിക്കാൻ കഴിഞ്ഞു എന്നത് അത്ഭുതപ്പെടുത്തുന്നു,” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഈ അനീതിക്കെതിരെ ഭക്തജനങ്ങൾ ശബ്ദമുയർത്തുമെന്നും, ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

