Monday, December 15, 2025

കേരള ഡർബിയിൽ ഗോകുലം ചിരി! ഡ്യൂറന്‍ഡ് കപ്പിൽ ബ്ലാസ്‌റ്റേഴ്‌സിനെ തകർത്തത് 4 -3 ന്

കൊല്‍ക്കത്ത : 2023 ഡ്യൂറന്‍ഡ് കപ്പിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ഗോകുലം കേരള എഫ്.സി. മൂന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ വിജയം.

ഗോകുലത്തിനായി അമിനൗ ബൗബ, ശ്രീക്കുട്ടന്‍, അഭിജിത്ത് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് താരം നൗച്ചയുടെ സെല്‍ഫ് ഗോളും മത്സരത്തിൽ നിർണ്ണായകമായി. ബ്ലാസ്‌റ്റേഴ്‌സിനായി ഇമ്മാനുവേല്‍ ജസ്റ്റിന്‍, പ്രബീര്‍ ദാസ്, അഡ്രിയാന്‍ ലൂണ എന്നിവര്‍ ഗോൾ നേടി. ഈ വിജയത്തോടെ ഗോകുലം ആറുപോയന്റ് നേടി ഗ്രൂപ്പില്‍ ഒന്നാമതെത്തി. ആദ്യ മത്സരത്തില്‍ ടീം വിജയം നേടിയിരുന്നു.

17-ാം മിനിറ്റില്‍ അമിനു ബൗബയിലൂടെ ഗോകുലമാണ് മത്സരത്തിൽ ആദ്യമായി ഗോൾ കണ്ടെത്തിയത്. . പെഡ്രോമോയുടെ അസിസ്റ്റില്‍ നിന്നാണ് ഗോള്‍ പിറന്നത്. 36-ാം മിനിറ്റില്‍ ഇമ്മാനുവേലിലൂടെ ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചടിച്ചു. എന്നാൽ 43-ാം മിനറ്റില്‍ ശ്രീക്കുട്ടന്റെയും ആദ്യ പകുതിയുടെ അധിക സമയത്ത് നവോച്ചയുടെ സെല്‍ഫ് ഗോളും വലയിലെത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് 3-1 ന് പിന്നാക്കം പോയി.

രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിട്ടിന് ശേഷം 47-ാം മിനിറ്റില്‍ അലക്‌സ് സാഞ്ചെസിന്റെ അസിസ്റ്റില്‍ അഭിജിത്ത് ഗോകുലത്തിനായി നാലാം ഗോളും സ്‌കോർ നേടിയതോടെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലായി . സ്‌കോര്‍ 4-1 ആയതോടെ ബ്ലാസ്‌റ്റേഴ്‌സ് ആക്രമണ ഫുട്‌ബോള്‍ അഴിച്ചുവിട്ടു. 54-ാം മിനിറ്റില്‍ പ്രബീര്‍ ദാസും 78-ാം മിനിറ്റില്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയും ബ്ലാസ്റ്റേഴ്‌സിനായി വലകുലുക്കിയെങ്കിലും പിന്നീട് ഒരു ഗോൾ കൂടി കണ്ടെത്തി മത്സരം സമനിലയിലാക്കാൻ ടീമിനായില്ല.

Related Articles

Latest Articles