കൊച്ചി : ചട്ടം കാറ്റിൽപ്പറത്തി ഗോകുലം ഗ്രൂപ്പ് 593 കോടി രൂപ സമാഹരിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വാർത്താക്കുറിപ്പിലൂടെയാണ് അന്വേഷണ ഏജൻസി വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഗോകുലം ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു. 592.54 കോടി രൂപ വിദേശ ഫണ്ട് സ്വീകരിച്ചതായി ഇഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. 370.80 കോടി രൂപ പണമായും 220.74 കോടി രൂപ ചെക്കായും ആണ് സ്വീകരിച്ചിരിക്കുന്നത്. വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറുകയും ചെയ്തു. ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ കൂടുതൽ റെയ്ഡ് നടക്കുന്നതായും പിടിച്ചെടുത്ത രേഖകളില്‍ പരിശോധന തുടരുന്നതായും ഇഡി അറിയിച്ചു. ആര്‍ബിഐ, ഫെമ ചട്ടലംഘനങ്ങളാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്.
നേരത്തെ ഒന്നരക്കോടി രൂപയും രേഖകളും ഇ.ഡി പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത ഒന്നരക്കോടിയുടെ ചിത്രങ്ങളും ഇ.ഡി പുറത്തുവിട്ടിരുന്നു. പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് ഇ.ഡി ഗോകുലം ഗോപാലനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ ഇ.ഡി റെയ്ഡ് ശനിയാഴ്ച പുലര്‍ച്ചയോടെയാണ് അവസാനിച്ചത്. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്റ് ഫിനാന്‍സിലും ചെന്നൈയിലെ വീട്ടിലും കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫീസിലും ഗോകുലം മാളിലും ഇ.ഡി വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ കോടമ്പാക്കത്തെ സ്ഥാപനത്തിലെ റെയ്ഡ് ശനിയാഴ്ച പുലര്‍ച്ച വരെ നീണ്ടു.
വെള്ളിയാഴ്ച രാവിലെ കോഴിക്കോട് കോര്‍പറേറ്റ് ഓഫീസില്‍വെച്ച് ഇ.ഡി ഗോകുലം ഗോപാലനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ചെന്നൈയില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. വൈകുന്നേരത്തോടെ ചെന്നൈയിലെത്തിയ ഗോകുലം ഗോപാലനെ അവിടെ വെച്ചും ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഏഴര മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്.
ഗോകുലം ഗോപാലൻ ഡയറക്ടറായ കമ്പനികൾ മറ്റ് സ്ഥാപനങ്ങളിൽ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്. കോടികളുടെ വിദേശ സാമ്പത്തിക ഇടപാടുകളാണ് ഫെമാ ചട്ട ലംഘനമായി പരിശോധിക്കുന്നത്. 2017 ൽ ആദായ നികുതി വകുപ്പും 2023ൽ ഇഡിയും ഗോകുലം ഗോപാലനെതിരെ അന്വേഷണം നടത്തിയിരുന്നു.

