കോഴിക്കോട് : ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയില്‍ മുക്കുപണ്ടം പകരം വച്ച് മുന്‍ മാനേജര്‍ മധാ ജയകുമാര്‍ കവർന്നെടുത്ത പണയ സ്വർണത്തിൽ ആറ് കിലോഗ്രാം സ്വര്‍ണം കണ്ടെത്തി. തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ കാത്തലിക് സിറിയന്‍ ബാങ്കിന്റെ രണ്ട് ശാഖകളില്‍ നിന്നും ഡിബിഎസ് ബാങ്കില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയത്. കാത്തലിക് സിറിയന്‍ ബാങ്കില്‍ ഒന്നര കിലോഗ്രാം സ്വര്‍ണവും സിംഗപ്പുര്‍ ആസ്ഥാനമായ ഡിബിഎസ് ബാങ്കില്‍ നിന്നും നാലര കിലോഗ്രാം സ്വര്‍ണവുമാണ് കണ്ടെത്തിയത്.
കവർന്നെടുത്ത സ്വർണം തമിഴ്‌നാട്ടിലെ വിവിധ ബാങ്കുകളിലായാണ് ഇയാൾ പണയം വച്ചത്. ഡിബിഎസ് ബാങ്കിലെ ഒരു ജീവനക്കാരനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇങ്ങനെ ലഭിച്ച പണം പ്രതി ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്. ഒരു ഇൻഷുറൻസ് ഏജന്റിനെയും കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യുന്നുണ്ടെന്നാണ് വിവരം. ഇനി 20 കിലോഗ്രാം സ്വര്‍ണം കണ്ടെത്താനുണ്ട്.
മൂന്ന് വര്‍ഷത്തോളം ബാങ്കിന്റെ വടകര ശാഖയില്‍ മാനേജരായിരുന്ന മധാ ജയകുമാര്‍ 2021 ജൂണ്‍ 13 മുതല്‍ 2024 ജൂലൈ ആറ് വരെ 42 അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടത്തിയത്. ഇക്കഴിഞ്ഞ ജൂലൈ ആറിന് എറണാകുളം ജില്ലയിലെ പാലാരിവട്ടം ശാഖയിലേക്ക് ഇയാൾ സ്ഥലം മാറിപ്പോയി. തുടർന്ന് പുതുതായി ചുമതലയേറ്റ മാനേജര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് മനസിലായത്.

