മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായ സംഭവത്തിൽ കൂടുതൽ അറസ്റ്റ്. എയര്‍ഇന്ത്യ എക്‌സപ്രസിലെ സീനിയര്‍ കാബിന്‍ ക്രൂ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി സുഹൈലാണ് ഇന്ന് അറസ്റ്റിലായത്.
ഇന്റലിജന്‍സ് വിവരത്തിന്റേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. സ്വർണ്ണവുമായി നേരത്തെ പിടിയിലായ കൊൽക്കത്ത സ്വദേശിനിയായ സുറാബി ഖാത്തൂനെ സ്വർണ്ണം കടത്താൻ ചുമതലപ്പെടുത്തിയത് സുഹൈലായിരുന്നു എന്നാണ് വിവരം. സുഹൈലിന് കാബിന്‍ ക്രൂ ആയി പത്തുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ട്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്ന സുഹൈലിനായി ഡിആര്‍ഐ റിമാന്‍ഡ് അപേക്ഷ നല്‍കും.
മസ്‌കറ്റില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 714 വിമാനത്തില്‍ കണ്ണൂരിലെത്തിയ സുറാബിയിൽ നിന്ന് 960 ഗ്രാം സ്വര്‍ണ്ണമാണ് കഴിഞ്ഞ ചൊവ്വാഴ്ച പിടിച്ചെടുത്തത്. 65 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തതത്. 14 ദിവസത്തെ റിമാന്‍ഡിലുള്ള സുരഭി നിലവില്‍ കണ്ണൂര്‍ വനിതാ ജയിലിലാണ്. മുമ്പ് പലതവണ സുരഭി സ്വര്‍ണ്ണം കടത്തിയതായി ഡി.ആര്‍.ഐക്ക് തെളിവുകള്‍ ലഭിച്ചിരുന്നു. മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയതിന് വിമാനജീവനക്കാര്‍ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവമാണിത്.

