Saturday, December 20, 2025

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്നയുടെ വെളിപ്പെടുത്തല്‍; ഷാജ് കിരണ്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍

കൊച്ചി; സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തൽ ഉന്നതർക്ക് ഭീഷണിയായിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായി നൽകിയ മൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിനെതുടര്‍ന്ന് തമിഴ്നാട്ടിലേക്ക് കടന്ന വിട്ട ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

സ്വപ്ന സുരേഷിന്റെയും പ്രതിപക്ഷത്തിന്റെയും സമ്മർദത്തിൽ അറസ്റ്റ് സാധ്യത ഉണ്ടെന്നാണ് ഹർജിയിൽ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ പൂർണ്ണമായും സഹകരിക്കുമെന്നും ഇരുവരും ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം കൊച്ചിയിൽ വരുന്ന കാര്യത്തിൽ തീരുമാനമാനം ആയില്ലെന്ന് ഇബ്രാഹിം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സ്വർണ്ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന് ശേഷം നിരവധി പ്രമുഖരുടെ മുഖമൂടിയാണ് അഴിഞ്ഞു വീണത്. സംഭവത്തിൽ മുൻ മന്ത്രി കെ ടി ജലീലിന്‍റെ പരാതിയിൽ കന്‍റോൺമെന്‍റ് പോലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും.

ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പി സി ജോർജ്ജ്, സ്വപ്ന സുരേഷ് എന്നിവരെ പ്രതികളാക്കി പോലീസ് കേസെടുത്തിട്ടുള്ളത്. എന്നാൽ മുഖ്യമന്ത്രിയടക്കമുള്ളവ‍ർക്കെതിരെ രഹസ്യ മൊഴി നൽകിയതിലുള്ള പ്രതികാര നടപടിയാണ് ഈ കേസിന് പിന്നിലെന്നാണ് സ്വപ്നയുടെ വാദം. ഇതിൽ കലാപശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്ന വാദവും ഇവർ ഇന്ന് കോടതിയിൽ ഉന്നയിക്കും.

നേരത്തെ കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റിന് സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്ന വാദം പരിഗണിച്ചായിരുന്നു നടപടി. അതേസമയം ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടികാട്ടി സ്വപ്ന സുരേഷ് നൽകിയ മറ്റൊരു ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്.

Related Articles

Latest Articles