Sunday, December 21, 2025

സ്വര്‍ണ്ണക്കടത്ത് കേസ്: കാരാട്ട് ഫൈസലിന് വീണ്ടും ഹാജരാകാൻ കസ്റ്റംസ് നോട്ടീസ്

തിരുവനന്തപുരം: കൊടുവള്ളി നഗരസഭ ഇടത് കൗൺസിലർ കാരാട്ട് ഫൈസലിന് കസ്റ്റംസ് നോട്ടീസ്. ഒക്ടോബര്‍ 14 ന് എറണാകുളം കസ്റ്റംസ് ഓഫീസില്‍ ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇന്നലെ കസ്റ്റഡിയില്‍ എടുത്ത കാരാട്ട് ഫൈസലിനെ ഇന്ന് വൈകിട്ടോടെയാണ് വിട്ടയച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസിന്‍റെ നോട്ടീസ്.

കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചെങ്കിലും കാരാട്ട് ഫൈസലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു. കാരാട്ട് ഫൈസലിന്‍റെ മൊഴിയും അദ്ദേഹത്തിനെതിരെ ലഭിച്ച മൊഴികളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നാണ് കസ്റ്റംസ് നല്‍കുന്ന വിവരം. മൊഴികള്‍ വിശദമായി പരിശോധിക്കുമെന്നും ഡിജിറ്റല്‍ തെളിവുകള്‍ വിശദമായി വിലയിരുത്തുമെന്നും കസ്റ്റംസ് പറയുന്നു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിന്‍റെ പങ്ക് സംബന്ധിച്ച് നാലാം പ്രതി സന്ദീപ് നായരുടെ ഭാര്യയുടെ മൊഴി കസ്റ്റംസിനു കിട്ടിയിരുന്നു. ഫൈസൽ പലതവണ സന്ദീപിനെ കാണാൻ തിരുവനന്തപുരത്ത് വന്നെന്നും ചർച്ചകൾ സ്വർണക്കടത്തിനെ കുറിച്ച് നടത്തിയെന്നുമായിരുന്നു മൊഴി.കൊടുവള്ളിയിലെ ഇടത് മുന്നണിയുടെ നേതാക്കളിൽ പ്രമുഖനാണ് കാരാട്ട് ഫൈസൽ.

Related Articles

Latest Articles