Monday, December 15, 2025

കുട്ടികളെ സുരക്ഷിതരാക്കാൻ കേന്ദ്രസർക്കാർ: 12-14 വയസ് പ്രായമുള്ള കുട്ടികളുടെ വാക്സിനേഷൻ മാർച്ചു മുതൽ ആരംഭിക്കും: ഡോ. എൻ കെ അറോറ

രാജ്യത്ത് 12-14 വയസ് പ്രായമുള്ള കുട്ടികൾക്ക് ഈ വർഷം മാർച്ചോടെ വാക്സിനേഷൻ ആരംഭിക്കും. പ്രശസ്ത പൊതുജനാരോഗ്യ വിദഗ്ധനും പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച ദേശീയ സാങ്കേതിക ഉപദേശക സംഘത്തിന്റെ ചെയർമാനുമായ ഡോ. എൻകെ അറോറയാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ വൈറസിന്റെ പിടിയിൽ നിന്നും കുട്ടികളെ സുരക്ഷിതരാക്കാനുള്ള നടപടികൾ വേഗത്തിലാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇതേതുടർന്ന് രാജ്യത്ത് 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ കൊറോണ പ്രതിരോധ വാക്‌സിനേഷൻ മാർച്ച് മാസം മുതൽ ആരംഭിച്ചേക്കും.

അതേസമയം കഴിഞ്ഞ വർഷം ജനുവരി 16 നാണ് ഇന്ത്യ കോവിഡ് -19 നെതിരെ വാക്സിനേഷൻ ആരംഭിച്ചത്. രാജ്യം ഇതുവരെ 157 കോടി ഡോസ് കോവിഡ് വാക്സിനുകൾ നൽകി. നിലവിൽ 15 മുതൽ 18വരെ പ്രായമുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. ഇവർക്കുള്ള രണ്ടാം ഡോസ് വാക്‌സിൻ വിതരണം ഫെബ്രുവരി രണ്ടാംവാരം മുതൽ ആരംഭിക്കും.

ജനുവരി 3 മുതൽ രാജ്യത്ത് 15-18 പ്രായപരിധിയിലുള്ള കൗമാരക്കാർക്ക് വാക്സിനേഷൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 25 ന് പ്രഖ്യാപിച്ചു. തുടർന്ന് 15-18 പ്രായപരിധിയിലുള്ള 3.5 കോടിയിലധികം കൗമാരക്കാർക്ക് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് ലഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്നലെ ഒരു ട്വീറ്റിൽ പറഞ്ഞിരുന്നു.

മാത്രമല്ല രാജ്യത്തെ കൊറോണ പ്രതിരോധ വാക്‌സിനേഷൻ ആരംഭിച്ച് ഇന്നലെ ഒരു വർഷം പൂർത്തിയായി. ഒരു വർഷത്തിനിടെ 157.20 കോടി വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്.

Related Articles

Latest Articles