ഗോരഖ്‌പൂർ: ഗോരഖ്‌പൂർ ക്ഷേത്രത്തിലേക്ക് ആയുധങ്ങളുമായി യുവാവ് കടന്നുകയറാൻ ശ്രമിച്ച കേസിൽ തീവ്രവാദ ബന്ധം തള്ളിക്കളയാനാവില്ലെന്നും സംഭവം തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കുമെന്നും എ ഡി ജി പി പ്രശാന്ത് കുമാർ അറിയിച്ചു. ആയുധങ്ങളുമായി ‘അല്ലാഹു അക്ബർ’ വിളിയുമായാണ് ഗോരഖ്‌പൂർ സ്വദേശിയായ അഹമ്മദ് മുർതസാ അബ്ബാസിയാണ് ക്ഷേത്രത്തിനുള്ളിൽ കയറാൻ ശ്രമിച്ചത്. ക്ഷേത്ര കവാടത്തിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസുകാർ തടയാൻ ശ്രമിക്കുകയും പൊലീസുകാരെ യുവാവ് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. യുവാവിനെതിരേ വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ്സെടുത്തതായി പോലീസ് അറിയിച്ചു.
തീവ്രവാദ സംഘടനകളുടെ ചാവേർ ആക്രമണത്തിന് സമാനമായ രീതിയിലുള്ള സംഭവമായതിനാലാണ് പോലീസ് തീവ്രവാദ ബന്ധം സംശയിക്കുന്നത്. കയ്യിൽ കിട്ടുന്ന ആയുധവുമായി സ്വയം മരിക്കുന്നതിന് മുമ്പ് പരമാവധി ആളുകളെ കൊല്ലാനുള്ള ആഹ്വാനം തീവ്രവാദി സംഘടനകൾ അവരുടെ സ്ലീപ്പർ സെല്ലുകൾക്ക് നൽകാറുണ്ട്. അത്തരം ആക്രമണങ്ങൾ പല വിദേശ രാജ്യങ്ങളിലും നടക്കുന്നുമുണ്ട്.

