ദില്ലി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടി കൊണ്ടുപോകാൻ ദിലീപ് ശ്രമിക്കുന്നുവെന്നുകാട്ടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു .ഒന്നാം പ്രതിയായ പൾസർ സുനിയുടെ ജാമ്യാപേക്ഷ അനുവദിച്ചാൽ കേസ് അട്ടിമറിക്കാനുള്ള സാധ്യത ഉണ്ടെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേരളം ആരോപിച്ചു.കേസിലെ അന്വേഷണ ഉദ്ധ്യോഗസ്ഥനായ ബൈജു പൗലോസിനെ ഏഴ് മാസങ്ങളിലായി 87 ദിവസം ദിലീപിന്റെ അഭിഭാഷകൻ വിസ്തരിച്ചുവെന്നും കേരളം ചൂണ്ടിക്കാട്ടി .അതെസമയം കേസിലെ അതിജീവിതയെ ഏഴ് ദിവസമാണ് ദിലീപിന്റെ അഭിഭാഷകർ വിസ്തരിച്ചതെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു.
എന്നാൽ വിചാരണ കോടതിയിൽ പ്രോസിക്യുഷൻ സമർപ്പിച്ച തെളിവുകൾ അട്ടിമറിക്കാൻ ദിലീപ് ലക്ഷ്യമിടുന്നുണ്ടെന്നും പുതിയ കഥകൾ മെനയാൻ ശ്രമിക്കുകയാണെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചു .അതെസമയം വിചാരണസമയത്ത് മിക്ക പ്രതികളും കോടതിൽ ഹാജരാകാറില്ലെന്നും ഇവരുടെ അവധി അപേക്ഷ കോടതിയിൽ ഫയൽ ചെയ്യുന്നത് ദിലീപിന്റെ അഭിഭാഷകരാണെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു .പൾസർ സുനിക്ക് ജാമ്യം ലഭിച്ചാൽ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

