തിരുവനന്തപുരം : ഓണറേറിയം കൂട്ടി നൽകാൻ തയ്യാറായ തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ആദരം അർപ്പിക്കുമെന്ന് ആശാ പ്രവർത്തകർ. ഏപ്രിൽ 21 നാണ് തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ആദരം അർപ്പിക്കുക. നിലവിൽ തുടരുന്ന രാപ്പകൽ സമരവും അനിശ്ചിതകാല നിരാഹാര സമരവും തുടരുമെന്ന് സമരസമിതി അറിയിച്ചു. സമരം ഒത്തുതീർക്കാനായി സർക്കാരിന്‍റെ ഭാഗത്ത് നിന്ന് യാതൊരു ശ്രമവും ഇല്ലാത്തതിനാൽ പുതിയ സമരരീതികളിലേക്ക് കടക്കാനാണ് സമരക്കാരുടെ തീരുമാനം. ആശാസമരം ഇന്ന് 64 ആം ദിവസവും നിരാഹാര സമരം ഇന്ന് 26ആം ദിവസവുമാണ്. അതിനിടെ ആരോഗ്യമന്ത്രിയുമായും തൊഴില്‍ മന്ത്രിയുമായും ആശ സമരസമിതി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.
സമരം ശക്തമാക്കുന്നതിൻറെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശാ പ്രവർത്തകരെയും സാംസ്ക്കാരിക-രാഷ്ട്രീയ പ്രമുഖരെയും അണിനിരത്തി പൗരസാഗരം സംഘടിപ്പിച്ചിരുന്നു.

