Thursday, December 18, 2025

ആർ എസ്സ് എസ്സുമായുള്ളത് 1986 മുതലുള്ള ബന്ധം; ആര്‍എസ്എസ് തലവനെ കണ്ടതില്‍ അസ്വാഭാവികതയില്ല; ശബാനു കേസിൽ അവർ എന്നെ പിന്തുണച്ചു; വിശദീകരണവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതുമായി നടത്തിയത് സ്വാഭാവിക കൂടിക്കാഴ്ചയെന്നും അസ്വഭാവികത ഒന്നും ഇല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അസാധാരണ കൂടിക്കാഴ്ച്ച അല്ല നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ വിശദീകരണം നടത്തിയത്. ആര്‍എസ്എസ് നിരോധിത സംഘടനയല്ല. ശബാനു കേസിൽ അവർ എന്നെ പിന്തുണച്ചു. റിപ്പബ്ലിക് ദിന മാർച്ചിൽ പങ്കെടുത്ത സംഘടനയാണ് സംഘം. ആര്‍എസ്എസുമായി തനിക്കുള്ളത് 1986 മുതലുള്ള ബന്ധമാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

ചരിത്ര കോണ്‍ഗ്രസില്‍ നടന്നത് സ്വമേധയാ കേസെടുക്കേണ്ട സംഭവമാണെന്നും ഐപിസി പ്രകാരം ശിക്ഷിക്കപ്പെടണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറെ തടഞ്ഞാല്‍ ഏഴ് വര്‍ഷം തടവും പിഴയുമാണ് ശിക്ഷയെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്വമേധയാ കേസെടുക്കേണ്ടതായിരുന്നു. അതുണ്ടായില്ല. കേസെടുക്കുന്നതില്‍ നിന്ന് പൊലീസിനെ അന്ന് തടഞ്ഞത് ഇന്ന് സര്‍ക്കാറിലുള്ള ഉന്നതനെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഐപിസി സെക്ഷന്‍ വായിച്ചുകേള്‍പ്പിച്ചായിരുന്നു ഗവര്‍ണറുടെ വിശദീകരണം. നേരത്തെ ചീഫ് സെക്രട്ടറിയെ വിട്ട് സര്‍ക്കാര്‍ അനുനയ നീക്കത്തിന് ശ്രമിച്ചെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല.

ഇടത് സ്വതന്ത്ര എംഎല്‍എ കെ ടി ജലീലിനെതിരെയും ഗവര്‍ണര്‍ ആഞ്ഞടിച്ചു. ഒരു എംഎല്‍എ രാജ്യത്തിന്‍റെ അഖണ്ഡതയെ ചോദ്യം ചെയ്തെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ജലിലീന്‍റെ കശ്മീര്‍ പരമാര്‍ശം ഉദ്ദേശിച്ചായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍റെ വിമാനയാത്രാ വിലക്കും ഗവര്‍ണര്‍ പരാമര്‍ശിച്ചു. വാര്‍ത്താസമ്മേളനത്തിന് പിന്നാലെ രാജ്ഭവന് പുറത്തെ സുരക്ഷ വര്‍ധിപ്പിച്ചു. ജലപീരങ്കിയടക്കമുള്ള സജ്ജീകരണങ്ങള്‍ രാജ്ഭവന് മുന്നില്‍ എത്തിച്ചു.

Related Articles

Latest Articles