Saturday, December 13, 2025

നിയമസഭാ സമ്മേളനത്തിന് തുടക്കമായി; നിശബ്ദമായി ഭരണപക്ഷം, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം; ക്ഷുഭിതനായി ഗവർണർ

തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വത്തിനും നാടകീയതക്കുമൊടുവിൽ നിയമസഭാ സമ്മേളനത്തിന് (Kerala Legislative Assembly) തുടക്കമായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. ഗവർണർ നിയമസഭയിലെത്തിയതോടെ ഗോബാക്ക് വിളികളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. ഇതോടെ ക്ഷുഭിതനായാണ് ഗവർണർ നയപ്രഖ്യാപനം ആരംഭിച്ചത്. പ്രതിഷേധിക്കാനുള്ള സമയമല്ല ഇതെന്നാണ് ഗവർണർ അറിയിച്ചത്. നയപ്രഖ്യാപനം ബഹിഷ്‌കരിച്ച പ്രതിപക്ഷം നിയമസഭാ കവാടത്തിൽ പ്രതിഷേധിക്കുകയാണ്. സഭയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സംസാരിക്കാൻ എഴുന്നേറ്റെങ്കിലും അനുവദിച്ചിരുന്നില്ല.

അതേസമയം ഗവർണറുടെ നയപ്രഖ്യാപനത്തിൽ ആഹ്ളാദ പ്രകടനമില്ലാതെയാണ് ഭരണപക്ഷം സഭയിലിരുന്നത്. ഡസ്‌കിലടിച്ചുള്ള ആഹ്ളാദപ്രകടനമൊന്നും ഇത്തവണ ഉണ്ടായിരുന്നില്ല. അതേസമയം മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു. തമിഴ്‌നാടുമായി ചർച്ച തുടരുമെന്നും, മുല്ലപ്പെരിയാർ വിഷയത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നിലപാടെടുത്തുവെന്നും വ്യക്തമാക്കി. എന്നാൽ കോവിഡ് പ്രതിരോധത്തിൽ സർക്കാർ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. കോവിഡിനെ പ്രതിരോധിക്കാൻ കഴിഞ്ഞത് ആശ്വാസമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles