കൊൽക്കത്ത: ജാർഖണ്ഡിലും ബംഗാളിലുമായി പ്രവർത്തിക്കുന്ന ദാമോദർവാലി കോർപ്പറേഷനുമായുള്ള ബന്ധം വിച്ഛേദിക്കുന്നുവെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവത്തിൽ വിശദീകരണം തേടി ഗവർണർ സി വി ആനന്ദബോസ്. ആർട്ടിക്കിൾ 167 പ്രകാരമാണ് ഗവർണർ നോട്ടീസ് നൽകിയത്. ജാർഖണ്ഡിനെ രക്ഷിക്കാനായി നടത്തിയ പ്രവർത്തനങ്ങളാണ് ബംഗാളിൽ
വെള്ളപ്പൊക്കത്തിന് കാരണമായതെന്നു ആരോപണമുയർത്തിയാണ് അന്തർ
സംസ്ഥാന അതിർത്തികൾ അടച്ചിടുമെന്ന് മമത പ്രഖ്യാപനം നടത്തിയത്.
അതിർത്തികൾ അടച്ചിടാൻ സർക്കാർ നൽകിയ നിർദേശം ജനജീവിതം സ്തംഭിപ്പിക്കുന്നതാണെന്നും സംഭവത്തിൽ അടിയന്തര പരിഹാരം കാണണമെന്നും സിവി ആനന്ദബോസ് ചൂണ്ടിക്കാട്ടി.
മൂന്നു കാര്യങ്ങളിലാണ് ഗവർണർ വിശദീകരണം ആവശ്യപ്പെട്ടത്.
- ദക്ഷിണ ബംഗാളിലെ ബങ്കുറ, ബിർഭം, പശ്ചിമ മേദിനിപൂർ ജില്ലകൾ ദാമോദർ വാലി നദീതടത്തിൽ ഉൾപ്പെടുന്നില്ല. കാങ്സബതി, സിലാബതി, ദ്വാരകേശ്വർ നദികളിലെ അതിശക്തമായ മഴ കാരണമുള്ള വെള്ളപ്പാച്ചിലും കാങ്സബതി നദിയുടെ മുകുട്മണിപൂർ അണക്കെട്ടിൽ നിന്നുള്ള വൻതോതിലുള്ള ഒഴുക്കും കാരണം സംരക്ഷണ കരകൾ തകന്നതാണ് ഈ പ്രദേശങ്ങളിലെ വിനാശകരമായ വെള്ളപ്പൊക്കത്തിന് നിദാനം. ഇക്കാര്യത്തിൽ ദാമോദർ വാലി കോർപ്പറേഷനല്ല (ഡിവിസി) ഇതിന് ഉത്തരവാദി.
2.വെള്ളപ്പൊക്കനിയന്ത്രണം, ജലസേചനം, വ്യവസായങ്ങൾക്കുള്ള ജലവിതരണം, കുടിവെള്ള ആവശ്യങ്ങൾ എന്നിവയാണ് ഡി.വി.സി അണക്കെട്ടുകളുടെ ഉദ്ദേശ്യം. വെള്ളപ്പൊക്കത്തെ ലഘൂകരിക്കാനും മിതമായ നിലയിലാക്കാനുമുള്ള ഒരു സംവിധാനം മാത്രമാണ് അണക്കെട്ട്. ഒഴുക്ക് വർധിച്ചാൽ വെള്ളപ്പൊക്കം പൂർണമായി തടയാൻ അതിന് ഒരിക്കലും കഴിയില്ല. അങ്ങനെ ചെയ്താൽ അത് അണക്കെട്ടിൻ്റെ ഘടനയ്ക്കുതന്നെ ഭീഷണിയാവുകയും വലിയ ദുരന്തത്തിന് കാരണമാകുകയും ചെയ്യും. അതിനാൽ നീരൊഴുക്ക് അധികമാവുകയും അണക്കെട്ടിൻ്റെ സംഭരണശേഷിക്ക് ആനുപാതികമല്ലാതാവുകയും ചെയ്താൽ അത് അണക്കെട്ടിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയാകും. പശ്ചിമ ബംഗാൾ സർക്കാരിന് ഇക്കാര്യം പൂർണ്ണമായി അറിയാം.
- പശ്ചിമ ബംഗാൾ ഗവൺമെൻ്റിൻ്റെ കങ്സബതി അണക്കെട്ടും വെള്ളം നിലനിർത്താൻ കഴിയാതെ വന്നപ്പോൾ തുറന്നുവിട്ടതാണ് ബങ്കുറ, ഈസ്റ്റ്, വെസ്റ്റ് മിഡ്നാപൂർ, ഹൗറ ജില്ലകളിലെ വെള്ളപ്പൊക്കത്തിൻ്റെ പ്രാഥമിക കാരണമായത്.
ഈ റിപ്പോർട്ട് ശരിയാണോയെന്നും അങ്ങനെയാണെങ്കിൽ അതിനുള്ള കാരണവും ആരാഞ്ഞാണ് ഭരണഘടനയുടെ 167-ാം അനുച്ഛേദം പ്രകാരം ഗവർണർ ബോസ് മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചത്.

