കൊൽക്കത്ത : ഭാഷാ സാഹിത്യത്തെ വിശ്വസാഹിത്യവുമായി ബന്ധിപ്പിച്ച മാരിവിൽപ്പാലമായിരുന്നു എംടി
വാസുദേവൻ നായർ എന്ന് പശ്ചിമബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്. കേരളീയ ജനജീവിതത്തിന്റെ അകവും പുറവും അക്ഷരങ്ങളിൽ പകർത്തി വായനക്കാരെ വിസ്മയിപ്പിച്ച കഥകളുടെ പെരുന്തച്ചനായിരുന്നു അദ്ദേഹം. വിജയിച്ചവരേക്കാൾ പരാജയപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമാണ് എംടിയുടെ ഏറ്റവും ശക്തരായ കഥാപാത്രങ്ങൾ.- അനുശോചന സന്ദേശത്തിൽ ആനന്ദബോസ് അനുസ്മരിച്ചു..
കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രി പത്ത് മണിയോടെയാണ് എം ടി വാസുദേവൻ നായർ വിടവാങ്ങിയത്സം. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ കഴിയുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇന്ന് വൃക്കയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.
ഒരു മാസത്തിനിടെ പല തവണ എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ 15ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളും കുറച്ചു നാളുകളായി അലട്ടിയിരുന്നു. . മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന്‍ മാധവും സമീപത്തുണ്ടായിരുന്നു
നൃത്താദ്ധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. യു.എസില്‍ ബിസിനസ് എക്സിക്യുട്ടീവായ സിതാര, നര്‍ത്തകിയും സംവിധായികയുമായ അശ്വതി എന്നിവര്‍ മക്കളാണ്. മരുമക്കള്‍: സഞജയ് ഗിര്‍മേ, ശ്രീകാന്ത് നടരാജന്‍. അദ്ധ്യാപികയും വിവര്‍ത്തകയുമായിരുന്ന പരേതയായ പ്രമീള നായര്‍ ആദ്യഭാര്യ. സംസ്‌കാരം വ്യാഴാഴ്ച കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.

