തിരുവനന്തപുരം: ഡോക്ടർ ഹാരിസ് ചിറയ്ക്കലിനെതിരെ സർക്കാർ കടുത്ത നടപടിയിലേക്കെന്ന് സൂചന. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പാർട്ടിയുടെ മുഖപത്രവും ഡോക്ടറെ വിമർശിച്ച് രംഗത്തുവന്നു. ഇതോടെയാണ് ഡോ. ഹാരിസിനെതിരെ നടപടി വരുമെന്ന സൂചന ശക്തമായത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണങ്ങളുടെ ക്ഷാമം കാരണം ശസ്ത്രക്രിയകൾ മുടങ്ങുന്നു എന്ന് ചൂണ്ടിക്കാണിച്ചത് വലിയ ചർച്ചയായിരുന്നു. നമ്പർ വൺ കേരളത്തിലെ നമ്പർ വൺ ആരോഗ്യ മേഖല എന്ന അവകാശവാദത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു ഡോ. ഹാരിസിന്റെ വെളിപ്പെടുത്തൽ.
ഇന്നലെയാണ് മുഖ്യമന്ത്രി ഡോ. ഹാരിസിനെ വിമർശിച്ച് രംഗത്തുവന്നത്. അഴിമതി തീണ്ടാത്ത അർപ്പണബോധത്തോടെ ആത്മാർത്ഥമായി ജോലിചെയ്യുന്നയാളാണ് ഡോക്ടറെങ്കിലും ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കാൻ ഇടയാക്കിയത് ശരിയായില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. മെഡിക്കൽ കോളേജുകളിൽ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. ഇല്ലാത്ത ഉപകരണങ്ങള്‍ വളരെ വേഗം വാങ്ങി നല്‍കാറുണ്ട്. കേരളത്തെ താറടിച്ചു കാണിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയും വിധം അതൃപ്തി പുറത്തുവിട്ടാല്‍ നല്ല പ്രവര്‍ത്തനങ്ങളെല്ലാം തെറ്റായ ചിത്രീകരണത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഡോക്ടർക്കെതിരെ നിശിതമായ വിമർശനം അടങ്ങുന്ന ലേഖനവുമായാണ് ഇന്ന് പാർട്ടി മുഖപത്രമായ ദേശാഭിമാനി ഇന്ന് പുറത്തിറങ്ങിയത്. ഇത് തിരുത്തലല്ല തകർക്കലെന്നാണ് ദേശാഭിമാനിയുടെ തലക്കെട്ട്. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടനെ ആരോഗ്യവകുപ്പ് ഗൗരവമായി ഇടപെട്ടു. സർജറിക്ക് ആവശ്യമായ ചില ഉപകരണങ്ങളുടെ അഭാവമാണ് ഡോക്ടർ ചൂണ്ടിക്കാട്ടിയത്. ഡോക്ടർ പറഞ്ഞതിന്റെ രത്ന ചുരുക്കം ഇതായിരുന്നെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെന്നും ഉന്നയിക്കപ്പെട്ട ഒറ്റപ്പെട്ട പ്രശ്നം പരിഹരിച്ചുവെന്നും ദേശാഭിമാനി മുഖ പ്രസംഗത്തിൽ പറയുന്നു. എന്നിട്ടും സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയെ തകർക്കാൻ നീക്കം നടക്കുന്നുവെന്ന് ദേശാഭിമാനി ലേഖനം പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും നല്ല ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കാൻ ഡോക്ടറുടെ വെളിപ്പെടുത്തൽ കാരണമായി എന്ന് തന്നെയാണ് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും മാദ്ധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം താൻ വിമർശിച്ചത് ബ്യുറോക്രസിയെ ആണെന്നും ഇപ്പോഴും അവിടെ പ്രശ്നങ്ങൾ ഉണ്ടെന്നും ഡോക്ടർ ഹാരിസ് പ്രതികരിച്ചു. മുഖ്യമന്ത്രി തന്റെ ഗുരുനാഥനാണെന്നും അദ്ദേഹം എന്നെ എന്തുചെയ്താലും പ്രശ്‌നമില്ലെന്നും താൻ ചെയ്യുന്നത് പ്രൊഫെഷണൽ സൂയിസൈഡ് ആണെന്ന് നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭിപ്രായം തുറന്നുപറഞ്ഞാൽ ആരോഗ്യമേഖലയ്ക്ക് ഇടിച്ചിലുണ്ടാകുമെന്നും രണ്ടുമാസം കുരുങ്ങിക്കിടന്ന ഫയൽ എങ്ങനെ ഒറ്റദിവസം കൊണ്ട് നീങ്ങിയെന്നും അദ്ദേഹം ചോദിച്ചു. നടപടിയുണ്ടായാൽ ഡോക്ടർക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ഡോക്ടർമാരുടെ സംഘടനയും പ്രതികരിച്ചിട്ടുണ്ട്.

