ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ മൂന്നാം പോരാട്ടത്തിൽ ചൈനീസ് താരം ഡിങ് ലിറനെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി. ഗുകേഷ്. വെള്ളക്കരുക്കളുമായി കളിക്കാനിറങ്ങിയ ഗുകേഷ്, ക്യൂന്‍സ് ഗാമ്പിറ്റ് ഡിക്ലൈന്‍ഡ് ഗെയിമിലൂടെയാണ് തന്റെ ആദ്യദിന പരാജയത്തിന് പകരംവീട്ടിയത്. 37 കരുനീക്കങ്ങളില്‍ ഇന്നത്തെ മത്സരം അവസാനിച്ചു. 14 പോരാട്ടങ്ങള്‍ ഉള്‍പ്പെട്ട ഫൈനലിലെ ഗുകേഷിന്റെ ആദ്യ വിജയമാണിത്.
ആദ്യത്തെ മത്സരത്തില്‍ ലിറന്‍ വിജയിക്കുകയും രണ്ടാം മത്സരം സമനിലയിലാവുകയു ചെയ്തിരുന്നു. ഇന്നത്തെ വിജയത്തോടെ ഗുകേഷിനും ലിറനും 1.5 പോയിന്റുകള്‍ വീതം സ്വന്തമായി. ജയത്തിന് ഒരു പോയിന്റും സമനിലയ്ക്ക് അര പോയിന്റുമാണ് ലഭിക്കുന്നത്. നാളെ വിശ്രമദിനമായതിനാൽ മത്സരമുണ്ടാകില്ല.

