തിരുവനന്തപുരം: ഗുരുപൂര്‍ണിമദിനത്തില്‍ വിദ്യാർത്ഥികളെക്കൊണ്ട് വിരമിച്ച അദ്ധ്യാപകരുടെ പാദപൂജ ചെയ്യിച്ച സംഭവത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അതില്‍ തെറ്റില്ലെന്നും ആഭിപ്രായപ്പെട്ട അദ്ദേഹം സംസ്‌കാരവും പൈതൃകവും കുട്ടികളെ പഠിപ്പിക്കാത്തവരാണ് ഗുരുപൂജയെ എതിര്‍ക്കുന്നതെന്നും തുറന്നടിച്ചു. ബാലഗോകുലത്തിന്‍റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേരള ഗവർണർ.
“ബാലഗോകുലം കുട്ടികളെ പഠിപ്പിക്കുന്നത് സംസ്‌കാരമാണ്. സ്‌കൂളുകളില്‍ ഗുരുപൂജ നടത്തിയതില്‍ എന്താണ് തെറ്റ്? ഗുരുവിനെ ആദരിക്കുകയല്ലേ വേണ്ടത്. അത് സംസ്‌കാരത്തിന്റെ ഭാഗമാണ്. ഈ രാജ്യത്തിന്റെ സംസ്‌കാരവും പൈതൃകവുമാണ് ഗുരുപൂജ. ഗുരുപൂജയെ എതിര്‍ക്കുന്നവര്‍ കുട്ടികളെ സംസ്‌കാരവും പൈതൃകവും പഠിപ്പിക്കാത്തവരാണ്. രാവിലെ എന്നെ കാണാന്‍ വസതിയില്‍ എത്തിയ സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥന്‍ എനിക്ക് പ്രണാമം പറഞ്ഞു. പ്രണാമം പറയുന്നത് തെറ്റാണെങ്കില്‍ അദ്ദേഹത്തെ സര്‍വീസില്‍നിന്ന് മാറ്റുമോ?”- രാജേന്ദ്ര ആർലേക്കർ ചോദിച്ചു.
നേരത്തെ ഗുരുപൂര്‍ണിമദിനത്തില്‍ സംസ്ഥാനത്ത് വിവിധ സ്‌കൂളുകളില്‍ വിദ്യാർത്ഥികളെക്കൊണ്ട് വിരമിച്ച അദ്ധ്യാപകരുടെ പാദപൂജ ചെയ്യിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ റിപ്പോര്‍ട്ട് തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് വിഷയത്തിൽ പ്രതികരണവുമായി ഗവർണർ രംഗത്തെത്തിയത്.

